'സ്വപ്നങ്ങൾക്ക് കരുത്തായി' വിനീതയ്ക്ക് താലിചാർത്തി ചേർത്തുനിർത്തി സുബ്രഹ്മണ്യൻ

By Web TeamFirst Published Sep 8, 2021, 7:41 PM IST
Highlights

പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിലാണ്  ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വിനീതയുടെ ജീവിതം. പ്രതീക്ഷയുടെ ചിറകിലേറി നടക്കാൻ വിനീതയുടെ കാലുകൾക്ക്  കരുത്തായി ഇനി സുബ്രഹമണ്യൻ ഉണ്ടാകും

മാവേലിക്കര: പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിലാണ്  ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വിനീതയുടെ ജീവിതം. തളർന്ന കാലുകളെ മറന്ന് പുതിയ പ്രതീക്ഷകളുടെ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് വിനീതയിപ്പോൾ.  പ്രതീക്ഷയുടെ ചിറകിലേറി നടക്കാൻ വിനീതയുടെ കാലുകൾക്ക്  കരുത്തായി ഇനി സുബ്രഹമണ്യൻ ഉണ്ടാകും. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ്  വിനീതയ്ക്ക് സുബ്രഹ്മണ്യൻ താലി ചാർത്തിയത്. മറ്റം മഹാദേവർ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. 

പാലക്കാട് തൃത്താല മച്ചിങ്ങൽ വീട്ടിൽ സുബ്രഹ്മണ്യൻ വിനീതയുടെ ജീവിതമറിഞ്ഞ് വിവാഹത്തിനു സമ്മതം അറിയിക്കുകയായിരുന്നു. മകളുടെ വിവാഹത്തിനായി തുക എങ്ങനെ സ്വരൂപിക്കുമെന്നു വിഷമിച്ച മാതാപിതാക്കളായ വേണുഗോപാലിനും ഓമനയ്ക്കും സഹായഹസ്തവുമായി സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റി രംഗത്തെത്തിയപ്പോൾ നാടും കൈകോർത്തു. 

സിപിഎം ലോക്കൽ സെക്രട്ടറി കെ ശ്രീപ്രകാശ് കൺവീനറായി രൂപീകരിച്ച സംഘാടക സമിതി കഴിഞ്ഞ മാസം ബിരിയാണി ചാലഞ്ച് നടത്തി തുക കണ്ടെത്തി. ഇതിനൊപ്പം സുമനസുകളും സഹായിച്ചു സമാഹരിച്ച മൂന്ന് ലക്ഷം രൂപയിൽ ഒരു ലക്ഷം വിനീതയുടെ പേരിൽ സ്ഥിര നിക്ഷേപമായും ബാക്കി തുകയായുമായി വിനീതയ്ക്ക്  നൽകി.. വിനീതയുടെ സഹോദരൻ വിനീതും (32) കാലുകൾ തളർന്നു വീൽ ചെയറിലാണു കഴിയുന്നത്. 

click me!