
ദില്ലി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിത ഡോക്ടറെ ബന്ധുക്കളുടെ മുമ്പിലിട്ട് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു സുപ്രീംകോടതി നടപടി.
'ദ ഡന്‍റിസ്റ്റ്' എന്ന പേരിൽ തൃശൂരിലെ കുട്ടനെല്ലൂരിൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ. സോന ജോസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷിനെ ഒക്ടോബര്‍ ആറിന് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 21ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യവും കിട്ടി. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിലാണ് ഇന്ന് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അദ്ധ്യക്ഷയായ കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വന്തം പിതാവിന്‍റെയും ബന്ധുക്കളുടെയും മുമ്പിലിട്ടാണ് സോനയെ മഹേഷ് കൊലപ്പെടുത്തിയത്. 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയെന്നും വിചാരണ നടപടികൾ പൂര്‍ത്തിയാകും മുമ്പ് പ്രതി പുറത്തിറങ്ങുന്നത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് അംഗീകരിച്ചായിരുന്നു ജാമ്യം റദ്ദാക്കിയുള്ള ഉത്തരവ്.
Read More: തൃശ്ശൂരിൽ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ
വിവാഹ ബന്ധം വേര്‍പെട്ടശേഷം രണ്ടുവര്‍ഷത്തോളം കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു സോന ജോസ് താമസിച്ചിരുന്നത്. പഠനകാലത്തെ സുഹൃത്തായ മഹേഷിന്‍റെ നിര്‍ബന്ധപ്രകാരമാണ് പിന്നീട് സോന ദ ഡന്‍റിസ്റ്റ് എന്ന സ്ഥാപനം കുട്ടനെല്ലൂരിൽ തുടങ്ങിയത്.
സ്ഥാപനത്തിന്‍റെ വരുമാനവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപെടുകളെ കുറിച്ചുള്ള തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഡോ. സോനയുമായി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനിടെ മഹേഷ് ആക്രമിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയതോടെ മഹേഷിനെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam