
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ഭര്‍ത്താവിന്‍റെ ശ്രമം. ഭാര്യയോടുള്ള സംശയവും ആക്സിഡന്‍റ് ക്ലെയിം തുക ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം. തിരുവനന്തപുരം പാലോടാണ് സംഭവം. തെന്നൂർ സൂര്യകാന്തി നാല് സെന്‍റ് കോളനിയിലെ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വർഷമായി രാധാകൃഷ്ണനും ഭാര്യ ഉഷയും അകന്നാണ് കഴിഞ്ഞിരുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഹോംനഴ്സായിരുന്ന ഉഷ ജോലിക്ക് പോകുന്നത് സംശയത്തോടെയാണ് രാധാകൃഷ്ണൻ കണ്ടിരുന്നത്. ഇതോടെയാണ് ഇരുവരും അകന്നത്. ആക്സിഡന്‍റ് ക്ലെയിമുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യ ഒപ്പിട്ട് നൽകാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ടായിരുന്നു. ഇതോടെയാണ് രാധാകൃഷ്ണന്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണൻ ഉഷയുടെ മേല്‍ ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിനടുത്തുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് ഉഷയെ ആക്രമിച്ചത്. മുഖത്ത് ആസിഡ് ഒഴിച്ച ശേഷം മുതുകില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിയെ പിടികൂടി. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. രാധാകൃഷ്ണനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam