എസ് വി പ്രദീപിന്‍റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പൊലീസ്

By Web TeamFirst Published Dec 15, 2020, 1:45 PM IST
Highlights

ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പൊലീസിന് ആകെ കിട്ടിയ തുമ്പ് ഇടിച്ചിട്ട് കടന്നത് മിനിടിപ്പർ എന്ന വിവരം മാത്രമാണ്. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ വാഹനം അതിർത്തി കടന്ന് തമിഴ്നാട്ടിലെത്താനും സാധ്യതയേറെയാണ്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. അപകടമുണ്ടായി മണിക്കൂറുകൾ പിന്നിടുമ്പോഴും ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ല. എതിർവശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പൊലീസിന് ആകെ കിട്ടിയ തുമ്പ് ഇടിച്ചിട്ട് കടന്നത് മിനിടിപ്പർ എന്ന വിവരം മാത്രമാണ്. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ വാഹനം അതിർത്തി കടന്ന് തമിഴ്നാട്ടിലെത്താനും സാധ്യതയേറെയാണ്.

കേസിൽ  പൊലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകളും ശേഖരിച്ചു. അപകടമല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും ഫോണ്‍കോൾ വഴിയും ഭീഷണി ഉണ്ടായിരുന്നതായി ഭാര്യയും ആരോപിച്ചു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് നേമം പൊലീസ് കേസെടുത്തത്.

പ്രദീപിന്‍റെ മരണത്തിലെ ദുരൂഹത  അന്വേഷിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  മരണശേഷം സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണത്തിൽ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

click me!