തബ്രിസ് അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ആവര്‍ത്തിച്ച് ഡോക്ടര്‍, ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Sep 12, 2019, 3:18 PM IST
Highlights

മരണ കാരണം ഹൃദയ സ്തംഭനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിനാല്‍ കേസിലെ 11 പ്രതികള്‍ക്കെതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. 

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ  തബ്രിസ് അന്‍സാരിയുടെ മരണ കാരണം ഹൃദയ സ്തംഭനമാണെന്ന് ആവര്‍ത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഘത്തിലെ ഡോക്ടര്‍. ഡോ. ബി മാര്‍ഡിയാണ് എന്‍ഡിടിവിയോട് ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ മാത്രമല്ല, ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും മാര്‍ഡി വ്യക്തമാക്കി. മരണ കാരണം ഹൃദയ സ്തംഭനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിനാല്‍ കേസിലെ 11 പ്രതികള്‍ക്കെതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. 

മര്‍ദ്ദനമാണ് കാരണമെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്‍സാരി മരിക്കുമായിരുന്നു. എന്നാല്‍ ജൂണ്‍ 17ന് രാത്രി മര്‍ദ്ദനമേറ്റ അന്‍സാരി 22ന് രാവിലെയാണ് മരിക്കുന്നത്. അതിനിടയില്‍ അദ്ദേഹം നടക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ജയിലില്‍ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നാണ് ഞങ്ങള്‍ അറിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു. മരണ കാരണം ഹൃദയ സ്തംഭനമാണ്. ഹൃദയ സ്തംഭനത്തിന് നിരവധി കാരണമുണ്ടാകാം. ചിലപ്പോള്‍ മര്‍ദ്ദനമേറ്റതും ഹൃദയസ്തംഭനത്തിന് കാരണമായിട്ടുണ്ടാകാമെന്നും ഡോക്ടര്‍ പറഞ്ഞു. 

അതേസമയം, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി സംസാരിക്കുമെന്നും അന്‍സാരിയുടെ മരണത്തിലെ കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  
ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കേസില്‍ പൊലീസും ഡോക്ടര്‍മാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

click me!