ജോളിയെ സഹായിച്ച തഹസിൽദാർ ജയശ്രീക്ക് കുരുക്ക്, ഡെപ്യൂട്ടി കളക്ടർ ചോദ്യം ചെയ്തു

Published : Oct 14, 2019, 11:32 AM ISTUpdated : Oct 14, 2019, 02:35 PM IST
ജോളിയെ സഹായിച്ച തഹസിൽദാർ ജയശ്രീക്ക് കുരുക്ക്, ഡെപ്യൂട്ടി കളക്ടർ ചോദ്യം ചെയ്തു

Synopsis

ഡെപ്യൂട്ടി കളക്ടറാണ് ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീയെ ചോദ്യം ചെയ്തത്. വ്യാജ ഒസ്യത്ത് കൈക്കലാക്കാൻ ജോളിയെ എങ്ങനെ ജയശ്രീ സഹായിച്ചുവെന്നതാണ് അന്വേഷിക്കുന്നത്. 

കോഴിക്കോട്: ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി ഡെപ്യൂട്ടി കളക്ടർ ജയശ്രീയെ കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. റവന്യൂ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടർ സി ബിജു ജയശ്രീയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ ജയശ്രീ പക്ഷേ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. 

വ്യാജരേഖകൾ ഉപയോഗിച്ച് നികുതിയടക്കാൻ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ജയശ്രീക്കെതിരെ അന്വേഷണം തുടങ്ങാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. ജില്ലാ കളക്ടർ വി സാംബശിവ റാവുവിനോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിരുന്നു. പൊലീസ് റിപ്പോർട്ടും, നിലവിൽ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും എടുത്ത് ക്രോഡീകരിച്ച ശേഷം ജില്ലാ കളക്ടർ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറും.

ഇതുമായി ബന്ധപ്പെട്ട് നാളെ കൂടത്തായി വില്ലേജ്  ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുന്നുണ്ട്. വ്യാജ വിൽപത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജോളിക്ക് നികുതി അടയ്ക്കാനായില്ല. സ്വത്ത് മാറ്റിയ വിൽപത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരങ്ങളായ റെ‍ഞ്ചിയും റോജോയും നൽകിയ പരാതിയിൽ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. 

എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ വില്ലേജോഫീസിലില്ല. കാണാനില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. നേരത്തേ കൂടത്തായി വില്ലേജോഫീസിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

കൂടത്തായിയിലെ മുസ്ലീം ലീഗ് ശാഖാ പ്രസിഡന്‍റ് ഇമ്പിച്ചി മൊയ്ദീൻ വഴി ഭൂമിയുടെ നികുതി അടയ്ക്കാൻ ജോളി ഒരു തവണ ശ്രമിച്ചിരുന്നു. എന്നാലിത് നടന്നില്ല. പിന്നീട് നികുതി അടച്ചത് ജയശ്രീയുമായി ബന്ധം സ്ഥാപിച്ചായിരിക്കണമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജോളി സ്ഥിരമായി ജയശ്രീയുടെ വീട്ടിലെത്തിയിരുന്നു. ജോളി ഷാജുവിനെ വിവാഹം കഴിക്കുമ്പോൾ വിവാഹച്ചടങ്ങിലും ജയശ്രീ പങ്കെടുത്തിരുന്നു. ബാലുശ്ശേരിയിലെ ജയശ്രീയുടെ വീട്ടിലെത്തി പൊലീസ് ഇവരിൽ നിന്ന് മൊഴി എടുത്തിരുന്നു. ഈ പൊലീസന്വേഷണത്തിന് സമാന്തരമായാണ് വകുപ്പ് തല അന്വേഷണവും നീളുന്നത്. 

ഭൂമിയുമായി ബന്ധപ്പെട്ട് മാത്രമല്ല, ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണെന്ന് പറ‍ഞ്ഞാണ് ജോളി മാത്യുവിന്‍റെ പക്കൽ നിന്ന് സയനൈഡ് വാങ്ങിയതെന്നാണ് അയാളുടെ മൊഴി. തന്നെ ജയശ്രീയും വിളിച്ച് സയനൈഡ് വേണമെന്ന് പറഞ്ഞിരുന്നുവെന്നും മാത്യു മൊഴി നൽകിയിരുന്നു. 

എന്നാൽ തന്‍റെ മകളെ കൊല്ലാനും ജോളി ശ്രമിച്ചതായി പൊലീസിന് ജയശ്രീ മൊഴി നൽകിയിട്ടുണ്ട്. രണ്ട് തവണ ജോളി വന്ന് പോയ ശേഷം കുഞ്ഞ് ഛർദ്ദിച്ച് അവശനിലയിലായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ടെന്നും, ഒരു തവണ ജോളിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും അവർ മൊഴി നൽകി. അവിടെ വച്ചും കുഞ്ഞിനെ കൊല്ലാൻ ജോളി ശ്രമിച്ചിരിക്കാമെന്ന് സംശയിക്കുന്നുവെന്നും ജോളി മൊഴിയിൽ പറയുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം