
മുംബൈ: അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ പുറത്ത്.ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്ന എച്ച് അക്കൗണ്ട് എന്ന വാട്‍സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളാണ് പൊലീസിന് കിട്ടിയത്. അശ്ലീല ചിത്ര നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു.
കെൻറിൻ എന്ന ബ്രിട്ടീഷ് പ്രൊഡക്ഷൻ കമ്പനിക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന അശ്ലീല ചിത്രങ്ങൾ വിറ്റിരുന്നത് രാജ് കുന്ദ്ര വഴിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന തെളിവുകൾ. ഈ കന്പനിയുടെ ഉടമ പ്രദീപ് ഭക്ഷി അടക്കമുള്ളവരെ ചേർത്താണ് എച്ച് അക്കൗണ്ട് എന്ന പേരിൽ രാജ് കുന്ദ്ര അഡ്മിനായി വാട്‍സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ചിത്രങ്ങളുടെ വരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് പുറത്ത് വന്ന സ്ക്രീൻ ഷോട്ടുകളിലുണ്ട്.
കെൻറിന്‍ കന്പനിയിൽ രാജ്കുന്ദ്രയ്ക്കും നിക്ഷേപമുണ്ടെന്ന ആരോപണം കേസിന്‍റെ തുടക്കകാലത്ത് ഉയർന്നിരുന്നു. ഹോട്ഷോട്സ് പോലെ ചില അശ്ലീല വീഡിയോ പ്ലാറ്റ്ഫോമുകളിലേക്കും മുംബൈയിലെ റിസോർട്ടുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ വിറ്റിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമാവുകയാണ്. ജനുവരി അവസാനമാണ് പൊലീസിന് അശ്ലീല ചിത്ര റാക്കറ്റിനെക്കുറിച്ച് പരാതി ലഭിക്കുന്നത്.
അഭിനയമോഹികളായ യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം ചെയ്തത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ മുംബൈയിലെ മധ് ഐലൻഡിൽ നടത്തിയ റെയ്ഡിൽ അഞ്ച് പേർ അറസ്റ്റിലായി. രണ്ട് ദിവസത്തിന് ശേഷം ഗെഹ്‍ന വസിസ്ത് എന്ന നടിയും പിടിയിലായതോടെയാണ് വന്പൻമാരിലേക്ക് അന്വേഷണം നീണ്ടത്.
നടിയുടെ മൊഴിയിൽ നിന്ന് രാജ് കുന്ദ്രയുടെ കന്പനിയിലെ ജീവനക്കാരനായ ഹേമന്ദ് കാമത്തിലേക്കും ഒടുവിൽ രാജ് കുന്ദ്രയിലേക്കും അറസ്റ്റ് നീളുകയായിരുന്നു. മാർച്ചിൽ ഒരുവട്ടം രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് കൂടിയാണ് വ്യവസായിയായ രാജ് കുന്ദ്ര.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam