നവജാത ശിശുക്കളെ വിറ്റുവരുകയായിരുന്ന നേഴ്സും ഭര്‍ത്താവും പിടിയില്‍

By Web TeamFirst Published Apr 27, 2019, 11:39 AM IST
Highlights

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് കുട്ടികളെ ഇവര്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു അമുദയുമായി ഇടപാടുകാരന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തായത്

ചെന്നൈ : മുപ്പത് വര്‍ഷത്തോളമായി നവജാത ശിശുക്കളെ വിറ്റുവരുകയായിരുന്ന നേഴ്സും ഭര്‍ത്താവും പിടിയില്‍. നാമക്കല്‍ ജില്ലയിലെ രാശിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന അമുദ എന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. മുപ്പതുവര്‍ഷക്കാലം കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്‍പന നടത്തുകയായിരുന്നു ഇവര്‍. 

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് കുട്ടികളെ ഇവര്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു അമുദയുമായി ഇടപാടുകാരന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരുടെ കുട്ടികളെയാണ് അമുദയും സംഘവും വിറ്റിരുന്നത്.

നഴ്സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്ന് അമുദ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെ നല്‍കണമെന്നും പറയുന്നുണ്ട്. പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപയും ആണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും എസ്.പി ആര്‍.ആരുളരസു വ്യക്തമാക്കി. ഇവരുടെ ഫോണ്‍ സംഭാഷണവും പൊലീസ് പുറത്തുവിട്ടു. 

'കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. ആണ്‍കുട്ടിയാണെങ്കില്‍ 4.25 ലക്ഷം രൂപ മുതലാണ് വില പെണ്‍കുട്ടിക്ക് 2.70 ലക്ഷം രൂപയും' - അമുദവല്ലി ഫോണില്‍ പറയുന്നു. കാണാന്‍ കുറച്ചുകൂടി ആകര്‍ഷത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാന്‍സായി തന്നാല്‍ മാത്രമെ കച്ചവടത്തിലേക്ക് കടക്കൂവെന്നും അമുദവല്ലി പറയുന്നു. 

ഫോണില്‍ ബന്ധപ്പെട്ട സതീഷ് എന്നയാളോട് വീട്ടില്‍ വന്ന് എങ്ങനെയാണ് കുട്ടികളുടെ വില്‍പ്പനയെന്ന് നേരില്‍ മനസിലാക്കാമെന്ന് അമുദവല്ലി പറയുന്നുണ്ട്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെ 4000 കുട്ടികളെ ഇവര്‍ വിറ്റുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

click me!