മൃതദേഹത്തിന്റെ കൈയില്‍ ടാറ്റു; തെളിഞ്ഞത് ക്രൂരമായ കൊലപാതകം, ഭാര്യയും കാമുകനുമടക്കം ഏഴ് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 28, 2021, 10:11 PM IST
Highlights

അന്വേഷണത്തില്‍ യുവതി ജമാല്‍ എന്ന യുവാവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടെന്നും ഓഗസ്റ്റ് ഏഴിന് വീട്ടില്‍ വെച്ച് ജമാലിനൊപ്പം തന്നെ ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് വഴക്കുണ്ടായെന്നും യുവതി സമ്മതിച്ചു.
 

ദില്ലി: മൃതദേഹത്തിലെ ടാറ്റുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെളിയിച്ചത് കൊലപാതകക്കേസ്. സംഭവത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയും കാമുകനുമടക്കം ഏഴ് പേര്‍ അറസ്റ്റിലായി. ദില്ലിയിലെ പോഷ് കോളനിയായ ന്യൂഫ്രണ്ട് കോളിനിയിലാണ് സംഭവം. 

ഓഗസ്റ്റ് 10ന് ഒരു സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം അഴുക്കുചാലില്‍ ഒഴുകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്നതായിരുന്ന യുവാവിന്റേതായിരുന്നു മൃതദേഹം. അഴുകിയതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. അതിനിടെയാണ് വലതുകൈയില്‍ നവീന്‍ എന്ന് പച്ചകുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. അന്വേഷണത്തില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാണെന്ന് പൊലീസിന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 12ന് നവീന്‍ എന്നയാളെ കാണാനില്ലെന്ന പരാതി സാരായി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഭാര്യ മുസ്‌കനായിരുന്നു പരാതിക്കാരി. വീടന്വേഷിച്ച് എത്തിയപ്പോള്‍ ഭാര്യ വീടുപേക്ഷിച്ച് മുങ്ങിയതായി കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ യുവതി അമ്മക്കും രണ്ടരവയസ്സുകാരി മകള്‍ക്കുമൊപ്പം ഖാന്‍പുരില്‍ താമസിക്കുന്നതായി കണ്ടെത്തി.

ഭര്‍ത്താവിന്റെ കൈയില്‍ പച്ചക്കുത്തിയെന്ന പൊലീസ് വാദം യുവതി നിരസിച്ചു. എന്നാല്‍ സഹോദരന്‍ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഓഗസ്റ്റ് 11ന് നവീനും ഭാര്യയും വഴക്കിട്ടതായും നവീന്‍ തന്നെ മര്‍ദ്ദിച്ചതായും അവര്‍ പറഞ്ഞു. പരിക്കേറ്റതോടെ പിസിആറില്‍ വിളിച്ച് ഭാര്യ എയിംസില്‍ ചികിത്സ തേടിയെന്നും തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാതായെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. പിസിആര്‍ കോള്‍ പരിശോധിച്ചപ്പോള്‍ അന്നേദിവസം മെഡിക്കല്‍ സംബന്ധമായ കോളുകള്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ജമാല്‍ എന്ന യുവാവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടെന്നും ഓഗസ്റ്റ് ഏഴിന് വീട്ടില്‍ വെച്ച് ജമാലിനൊപ്പം തന്നെ ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് വഴക്കുണ്ടായെന്നും യുവതി സമ്മതിച്ചു. വഴക്കിനെ തുടര്‍ന്ന് ജമാലും സുഹൃത്തുക്കളായ വിവേക്, കോസ്ലേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നവീനെ മര്‍ദ്ദിക്കുകയും കോസ്ലേന്ദ്ര നവീനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

എല്ലാവരും ചേര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ചു. കൊലപാതകത്തില്‍ പങ്കാളികളായവരെയും മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!