
മൂന്നാർ: കള്ള ടാക്സിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് വിവരം നൽകിയെന്നാരാപിച്ച് ടാക്സി ഡ്രൈവറെ സ്വകാര്യ വാഹന ഉടമകൾ മർദ്ദിച്ചെന്ന് പരാതി. ഇടുക്കി കമ്പംമെട്ട് സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കമ്പംമെട്ട്, കൂട്ടാർ മേഖലയിലുള്ള ചില സ്വകാര്യ വാഹനങ്ങൾ ടാക്സി പെർമിറ്റില്ലാതെ സർവീസ് നടത്തുന്നതായി കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷൻ ഉടുമ്പൻചോല ജോയിൻറ് ആർടിഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ചില വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പും നൽകി. ഇതിലുൾപ്പെട്ട കൂട്ടാർ സ്വദേശിയായ അഖിലിൻറെ ഉടമസ്ഥയിലുള്ള സ്വകാര്യ വാഹനം ബുധനാഴ്ച കള്ള ടാക്സിയായി ഓടിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടി.
വാഹനത്തെ ക്കുറിച്ച് വിവരം നൽകിയത് നിരപ്പേൽ കട സ്വദേശി മനുവും ഇദ്ദേഹത്തിൻറെ ടാക്സി വാഹനം ഓടിക്കുന്ന അനന്തുവും ആണെന്നാരോപിച്ച് സ്വകാര്യ വാഹനയുടമകൾ മനുവിൻറെ കടയിലെത്തി. ഈ സമയം മനുവിൻറെ ഗർഭിണിയായ ഭാര്യ രാജിയും കുട്ടിയുമാണ് കടയിലുണ്ടായിരുന്നത്. താക്കോൽ നൽകാനെത്തിയ അനന്തുവിനെ സ്വകാര്യ വാഹന ഉടമകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. അനന്തുവിന്‌റെ ഭാര്യ രാജിയെ സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് രാജി പൊലീസിൽ പരാതി നല്‍കുകയായിരുന്നു. രാജിയുടെ പരാതിയിൽ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചാല്‍ സമീപത്തുള്ള ടാക്‌സി ഡ്രൈവര്‍മാരെ കൈയേറ്റം ചെയ്യുന്നത് പതിവാണെന്നാണ് ഡ്രൈവമാരുടെ പരാതി. അനന്തുവിനെ മർദ്ദിച്ചതിന് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷനും പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
Read More : മദ്യപിച്ചെത്തി ബഹളം, മാറിപ്പോകാൻ പറഞ്ഞതിന് പിങ്ക് പൊലീസിന്‍റെ കാർ അടിച്ച് തകർത്തു; സംഭവം കൊല്ലത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam