
മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.
സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയ്ക്ക് 18 വയസാണ് പ്രായം. ഇരുവരും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
Read More: തിരൂരിലെ ഹോട്ടലുടമയുടെ വധിച്ചത് സ്വന്തം ജീവനക്കാരൻ; പെൺസുഹൃത്തിനും പങ്ക്: അന്വേഷണം
അതേസമയം മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അഗളിയിലെ കൊക്കയിൽ പൊലീസ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ധികിനെ കൊലപ്പെടുത്തിയ ഹോട്ടലിൽ മുറിയെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം ലഭിച്ചു. ഇവിടെ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam