ക്ലാസിൽ വച്ച് ആദിവാസി പെൺകുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് അധ്യാപകൻ, അഴുക്കെന്ന് കാരണം; ഒടുവിൽ സസ്പെൻഷൻ

By Web TeamFirst Published Sep 25, 2022, 3:10 PM IST
Highlights

അഞ്ചാം ക്ലാസുകാരി തന്റെ മേൽവസ്ത്രം ഊരി അടിവസ്ത്രം ധരിച്ച് നിൽക്കാൻ നിര്‍ബന്ധിതയാകുകയായിരുന്നു. 10 വയസ്സാണ് കുട്ടിക്ക്.

ഭോപ്പാൽ (മധ്യപ്രദേശ്) : ആദിവാസി പെൺകുട്ടിയെ കൊണ്ട് 'അഴുക്ക് വസ്ത്രം' അഴിപ്പിച്ച അധ്യാപകന് സസ്പെൻഷൻ. ക്ലാസിലെ കുട്ടികൾ മുഴുവൻ നോക്കി നിൽക്കെയാണ് പെൺകുട്ടിയുടെ വസ്ത്രം അഴുക്കുള്ളതാണെന്ന് പറഞ്ഞ് അധ്യാപകൻ വസ്ത്രം ഊരിപ്പിച്ചിത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുക കൂടി ചെയ്തതോടെയാണ് അധ്യാപകനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലാണ് സംഭവം. 

അഞ്ചാം ക്ലാസുകാരി തന്റെ മേൽവസ്ത്രം ഊരി അടിവസ്ത്രം ധരിച്ച് നിൽക്കാൻ നിര്‍ബന്ധിതയാകുകയായിരുന്നു. 10 വയസ്സാണ് കുട്ടിക്ക്. തുടര്‍ന്ന് ഷര്‍വാൻ കുമാര്‍ ത്രിപാതി കുട്ടിയുടെ വസ്ത്രം കഴുകുകയും മറ്റ് കുട്ടികൾ ചുറ്റും നിൽക്കുകയുമായിരുന്നു. രണ്ട് മണിക്കൂറോളമാണ് അടി വസ്ത്രം ധരിച്ച് പെൺകുട്ടി അവിടെ ഇരുന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ അവകാശപ്പെട്ടു. ട്രൈബൽ അഫയേഴ്സ് ഡിപാര്‍ട്ട്മെന്റിന്റെ കീഴിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിൽ അധ്യാപകനാണ് ഇയാൾ. 

സംഭവത്തിന് ശേഷം ത്രിപാതിയെ സ്വച്ഛതാ മിത്ര (വൃത്തിയാക്കുന്നയാൾ) എന്ന വിശേഷിപ്പിച്ചുകൊണ്ട് ഈ ചിത്രം വാട്സാപ്പിൽ പങ്കുവച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചിത്രത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ത്രിപാതിയെ സസ്പെന്റ് ചെയ്തുവെന്ന് വെൽഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് മിശ്ര പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

click me!