മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ചു; ടെക്കിക്ക് നഷ്ടമായത് 91 ലക്ഷം രൂപ

Published : Jul 09, 2023, 07:33 PM IST
മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ചു; ടെക്കിക്ക് നഷ്ടമായത് 91 ലക്ഷം രൂപ

Synopsis

മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ യുവതിയെ വിശ്വസിച്ച പരാതിക്കാരന്‍ നിരവധി ബാങ്കുകളില്‍ നിന്നും ലോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വായ്പയെടുത്തു. ആകെ 71 ലക്ഷം രൂപയാണ് ഇയാള്‍ക്ക് പല ധനകാര്യ സ്ഥാപനങ്ങളിലായി ഇപ്പോള്‍ ബാധ്യതയുള്ളത്.

പൂനെ: മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 91.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു. പൂനെയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന 33 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപത്തിലേക്കെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയതത്രെ.

ആദര്‍ശ് നഗര്‍ സ്വദേശിയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് മാട്രിമോണി വെബ്സൈറ്റിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം ഇരുവരും ഫോണിലൂടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. 'ബ്ലെസ്‍കോയിന്‍' എന്ന ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാമെന്ന ആശയം യുവതിയാണ് മുന്നോട്ടുവെച്ചത്. വിവാഹത്തിന് ശേഷം ഭാവി സുരക്ഷിതമാക്കാന്‍ അത് സഹായിക്കുമെന്നും പറഞ്ഞു.

മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ യുവതിയെ വിശ്വസിച്ച പരാതിക്കാരന്‍ നിരവധി ബാങ്കുകളില്‍ നിന്നും ലോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വായ്പയെടുത്തു. ആകെ 71 ലക്ഷം രൂപയാണ് ഇയാള്‍ക്ക് പല ധനകാര്യ സ്ഥാപനങ്ങളിലായി ഇപ്പോള്‍ ബാധ്യതയുള്ളത്. ഫെബ്രുവരി മാസം മുതല്‍ യുവതി പറയുന്നത് കേട്ട് ഇയാള്‍ പണം നല്‍കുകയായിരുന്നു. വായ്പയെടുത്ത 71 ലക്ഷവും സ്വന്തം സമ്പാദ്യമായ 15 ലക്ഷത്തോളം രൂപയും ഉള്‍പ്പെടെ ആകെ 86 ലക്ഷം ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. ഈ പണമെല്ലാം 'ബ്ലെസ്‍കോയിനില്‍' നിക്ഷേപിക്കപ്പെടുകയാണെന്നായിരുന്നു ഇയാളുടെ ധാരണ. എന്നാല്‍ ലാഭമെന്നും കിട്ടിയതുമില്ല.

ഇക്കാര്യം ചോദിച്ചപ്പോള്‍ ലാഭം കിട്ടിത്തുടങ്ങാന്‍ 10 ലക്ഷം കൂടി നിക്ഷേപിക്കേണ്ടതുണ്ടെന്ന് യുവതി പറഞ്ഞു. ഇതേതുടര്‍ന്ന് ആദ്യം 3.95 ലക്ഷവും പിന്നീട് 1.8 ലക്ഷം രൂപയും കൂടി ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പിന്നെയും പണമൊന്നും കിട്ടാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവിന് മനസിലായത്. ഇതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read also: 'ചെലവു നൽകി പഠിപ്പിച്ചു, മജിസ്ട്രേറ്റായപ്പോൾ തൂപ്പുജോലിക്കാരനായ എന്നെ വേണ്ട', ഭർത്താവിന്റെ ആരോപണങ്ങളിൽ വിവാദം!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ