വിവാഹത്തിന് ഒരാഴ്ച മുമ്പ് ബാങ്ക് ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പൊലീസില്‍ കീഴടങ്ങി

By Web TeamFirst Published Feb 20, 2020, 10:44 AM IST
Highlights

തെലങ്കാനയിലെ സിര്‍സില ജില്ലയിലാണ് സംഭവം. യെല്ലാര്‍ഡിപേട്ട് സ്വദേശിയാണ് ദിവ്യ. പ്രതി വെങ്കിടേഷ് വെമുലവാഡ സ്വദേശിയും.

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. 25കാരിയായ യുവതിയെ യുവാവ് കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. ന്യാലകാന്തി ദിവ്യയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വിവാഹത്തിന് ഏഴ് ദിവസം മുമ്പായിരുന്നു കൊലപാതകം. സിദ്ദിപ്പേട്ട് ജില്ലയിലെ ഗജ്‍വേലിലെ സ്വന്തം വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടത്. 26 കാരനായ വെങ്കിടേഷ് ഗൗഡയാണ് പ്രതി. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇയാള്‍ ചെറുപ്പം മുതല്‍ ദിവ്യയുമായി ബന്ധമുണ്ടായിരുന്നു. 

തെലങ്കാനയിലെ സിര്‍സില ജില്ലയിലാണ് സംഭവം. യെല്ലാര്‍ഡിപേട്ട് സ്വദേശിയാണ് ദിവ്യ. പ്രതി വെങ്കിടേഷ് വെമുലവാഡ സ്വദേശിയും. നാല് മാസം മുമ്പാണ് ഗജ്‍വേലില്‍ ബാങ്ക് ഫീല്‍ഡ് ഓഫിസറായി ദിവ്യ  ജോലിക്ക് കയറിയത്. 
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ദിവ്യ ആക്രമണത്തിനിരയായത്. ദിവ്യ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്തായിരുന്നു ആക്രമണം.  

ദിവ്യയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ദിവ്യ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ദിവ്യയും വെങ്കിടേഷും 2014ല്‍ വിവാഹിതരായെന്നാണ് വെങ്കിടേഷിന്‍റെ ബന്ധുക്കള്‍ പറയുന്നത്. ജാതി വ്യത്യാസമുള്ളതിനാല്‍ ദിവ്യയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് ദിവസം താമസിച്ച ശേഷം ദിവ്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. വിവാഹം നടന്നതിന് തെളിവുകളില്ലെന്നും അന്ന് 20 വയസ്സ് മാത്രമാണ് വെങ്കിടേഷിന് പ്രായമെന്നും പൊലീസ് പറഞ്ഞു. വെങ്കിടേഷിന് ജോലിയില്ല. അതേസമയം, ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ ബാങ്കില്‍ ഫീല്‍ഡ് ഓഫിസറായി ജോലിക്ക് കയറി. അനുയോജ്യമായ വിവാഹ ആലോചന വന്നപ്പോള്‍ ദിവ്യ സമ്മതിച്ചു. ഫെബ്രുവരി 26നാണ് വിവാഹ തീയതി നിശ്ചയിച്ചത്. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ കൊല്ലുമെന്ന് ഇയാള്‍ ദിവ്യയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി രാത്രിയോടെ പൊലീസില്‍ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

തെലങ്കാനയില്‍ വനിതാ മൃഗഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും എന്‍കൗണ്ടറിലൂടെ നാല് പേരെയും കൊലപ്പെടുത്തി. 

click me!