നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു

By Web TeamFirst Published Mar 27, 2021, 12:23 AM IST
Highlights

ഭക്തർ നേർച്ചയായി നൽകിയിരുന്ന മൂന്നു മാല, സ്വർണ പൊട്ടുകൾ, താലി തുടങ്ങി എട്ട് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കൂടാതെ ഒരു വെങ്കല ഉരുളിയും, അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും നഷ്ടമായിട്ടുണ്ട്. 

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. വെളളറട കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഭക്തർ നേർച്ചയായി നൽകിയിരുന്ന മൂന്നു മാല, സ്വർണ പൊട്ടുകൾ, താലി തുടങ്ങി എട്ട് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കൂടാതെ ഒരു വെങ്കല ഉരുളിയും, അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും നഷ്ടമായിട്ടുണ്ട്. 

പൂജയ്ക്കായി രാവിലെ ക്ഷേത്രം തുറന്നപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവിലും തുറന്ന നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴി‌ഞ്ഞ ദിവസം പ്രദേശത്ത് ബിജു എന്നയാളുടെ വീട്ടിലും മോഷണം നടന്നിരുന്നു. വീട് കുത്തിത്തുറന്ന് പത്ത് പവന്റെ ആഭരണങ്ങളായിരുന്നു കവർന്നത്. 

click me!