താനൂര്‍ കൊലപാതകം: പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Oct 27, 2019, 12:19 AM IST
Highlights

താനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരും സഹായിച്ച അഞ്ചു പേരുമടക്കം 

മലപ്പുറം: താനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരും സഹായിച്ച അഞ്ചു പേരുമടക്കം ഒമ്പത് പ്രതികളാണ് കേസിൽ ആകെയുള്ളത്.

ഒന്നാം പ്രതി അഞ്ചുടി സ്വദേശി കുപ്പന്‍റെ പുരക്കല്‍ അബ്ദുള്‍ മുയീസ്, നാലാം പ്രതി വെളിച്ചാന്‍റെ പുരക്കല്‍ മഷൂദ്, താഹമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ മുയീസും മഷൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും താഹമോൻ സഹായിച്ച ആളുമാണ്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെല്ലാവരും സിപിഎം പ്രവർത്തകരാണ്.കഴിഞ്ഞ ഏപ്രില്‍ മാസം അഞ്ചുടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷംസുദ്ദീന് വെട്ടേറ്റിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് ഷംസുദ്ദീന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രതികള്‍ ഇസ്ഹാഖിനെ ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. 

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. രണ്ട് ദിസം കഴിഞ്ഞ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തൊളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. അപ്പോഴേക്ക് ബാക്കി പ്രതികളെക്കൂടി പിടികൂടാനാവുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. 

click me!