
കോട്ടയം: തോമസ് ചാഴിക്കാടൻ എംപിയുടെ കോട്ടയത്തെ വീട്ടിൽ മോഷണ ശ്രമം. മോഷ്ടാവ് വീടിന്റെ ജനൽ ചില്ല് അടിച്ചു തകർത്തു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തോമസ് ചാഴിക്കാടൻ എംപിയുടെ കോട്ടയം നഗരത്തിലുള്ള വീട്ടിലാണ് മോഷണ ശ്രമം നടന്നത്. പുലർച്ചെ വീടിന്‍റെ ജനൽ ചില്ല് തകരുന്ന ശബ്‍ദം കേട്ടാണ് എംപിയുടെ ഭാര്യ ആൻ തോമസ് ഉണർന്നത്.
തുടർന്ന് ബഹളം വച്ചതോടെ മോഷ്ടാവ് മതിലുചാടി ഓടി രക്ഷപ്പെട്ടു. വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഗാന്ധിനഗർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എംപി വീട്ടിൽ ഉണ്ടായിരുന്നില്ല.
മോഷ്ടിച്ച ബൈക്ക് വഴിയില്‍ കേടാവുന്നു, അടുത്ത് കണ്ട വണ്ടിയെടുത്തു മുങ്ങുന്നു; സിനിമയെ വെല്ലും കവര്‍ച്ച,അറസ്റ്റ്
ഇടുക്കി: ആർഭാട ജീവിതം നയിക്കുന്നതിനായി ബൈക്കുകള്‍ മോഷ്ടിച്ച രണ്ടുപേരെ ഇടുക്കി മുരിക്കാശേരി പൊലീസ് പിടികൂടി. ഉപ്പുതോട് സ്വദേശികളായ കല്ലുടുക്കിൽ ഡാനിയൽ ജോണി, നമ്പിയാലിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന അനിരുദ്ധൻ എന്നിവരാണ് പിടിയിലായത്. മൂന്ന് ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. വാത്തികുടി ഗ്രാമപഞ്ചായത്തിലെ പതിനാറാംകണ്ടത്തുനിന്നും കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് പിടിയിലായത്.
എറണാകുളത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി പ്രതികൾ പതിനാറാംകണ്ടം ചാരളൻ കാനത്ത് എത്തുകയും അവിടെവച്ച് വാഹനം കേടാവുകയും ചെയ്തു. ഇതോടെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കുമായി ഇരുവരും പതിനാറാംകണ്ടത്തെത്തി. പിന്നീട് പതിനാറാംകണ്ടം സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും മോഷ്ടിച്ച് ശേഷം എറണാകുളത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിലെ 14 പേർ അറസ്റ്റിൽ, തട്ടിയത് 300 കോടിയിലേറെ
മുംബൈ : 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റൻറ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവർക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേർ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്.
ഇൻസ്റ്റന്റ് ലോൺ: തിരിച്ചടവ് മുടങ്ങിയാൽ ഹാക്കിങ്, അശ്ലീല സന്ദേശം: ചതിക്കുഴിയിൽ വീണ് മലയാളികൾ
ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിൽ. കേരളത്തിലും നിരവധിപ്പേരാണ് ഇവരുടെ ചതിക്കുഴിയിൽ വീണത്. മാനഹാനി ഭയന്ന് 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓരോ ദിവസവും കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ ഈ കമ്പനികളുടെ ചതിക്കുഴികളില്‍ വീഴുകയാണ്.