കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് കവര്‍ച്ച; മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Jan 28, 2021, 12:00 AM IST
Highlights

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ സംഭവം. പെരുമ്പയിലെ ഫൈസൽ ട്രൈഡേഴ്സ് എന്ന സ്ഥാപനത്തിന്‍റെ പുറക് വശത്തെ ഭിത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

കണ്ണൂർ: ജില്ലയിലെ രണ്ടിടങ്ങളിൽ കവർച്ച. പയ്യന്നൂരിൽ മൊത്തവ്യാപരക്കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടാക്കൾ കൊണ്ടുപോയി. പരിയാരത്ത് മീൻകട കുത്തിത്തുറന്നു. ക്ഷേത്ര ഭണ്ഡാരവും കുത്തിപ്പൊളിക്കുന്നത് പ്രദേശവാസികൾ കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ സംഭവം. പെരുമ്പയിലെ ഫൈസൽ ട്രൈഡേഴ്സ് എന്ന സ്ഥാപനത്തിന്‍റെ പുറക് വശത്തെ ഭിത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. പലചരക്ക് കടയിലുണ്ടായിരുന്ന അരിയും സാധനങ്ങളും വാരിവലിച്ചിട്ടു. ഇവിടുന്ന് ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റ് ബോക്സുകളാണ് കള്ളന്മാർ കൊണ്ടുപോയത്. സിസിടിവി ഉണ്ടായിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. 
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്ത കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. 

പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ മീൻ കടയിലും പുല‍ർച്ചെയാണ് കവർച്ച നടന്നത്. പൂട്ട് പൊളിച്ച അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന 200 രൂപ കൊണ്ടുപോയി. നാണയങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പരിയാരം സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചതാണ് മൂന്നാമത്തെ സംഭവം.പുലർച്ചെ അഞ്ച് മണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ആൾ ആയുധവുമായി മോഷ്ടാവ് നിൽക്കുന്നത് തിരിച്ചറിഞ്ഞു. 

ഇതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. മോഷ്ടാവ് കൊണ്ടു വന്ന ബാഗ് സ്ഥലത്ത് നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. ജില്ലയിൽ കവർച്ച കൂടി വരുന്ന സാഹചര്യത്തിൽ വ്യാപാരികൾക്ക് പൊലീസ് ജാഗ്രത നിർദേശം നൽകിയിരുന്നു.

click me!