
ശഹീദാബാദ്:പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയത് പൊലീസുകാരറിഞ്ഞത് ഒന്നരദിവസത്തിന് ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ശഹീദാബാദ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വിവിധ കേസുകളിലെ തൊണ്ടിമുതലുകളടക്കമുള്ളവയാണ് മോഷണം പോയത്.
പൊലീസ് സ്റ്റേഷന്‍ സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ് മോഷണം നടന്നത്. മെയ് 20ന് രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റോര്‍ ഇന്‍ചാര്‍ജ് സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മോഷണം നടന്നത് മെയ് 18ന് രാത്രിയിലാണെന്ന് കണ്ടെത്തി.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, വലുതും ചെറുതുമായ 90ലധികം ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, നാല് ഹൈഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍ തുടങ്ങിയവയ്‌ക്ക് പുറമേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്‌സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങളും മോഷണം പോയതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്‌ത്രീകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട വസ്‌തുൂക്കളില്‍ ചിലത് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സ്റ്റേഷന്‍ പരിസരത്ത് നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ പ്രധാനവാതില്‍ അടച്ചിട്ടിരിക്കുകയാണ്. ഒരു വശത്തുകൂടിയുള്ള ഗേറ്റ് വഴിയാണ് സ്‌റ്റേഷനിലേക്ക് നിലവില്‍ പ്രവേശനം. ഇതും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിരവധി പൊലീസുകാര്‍ പോയിരിക്കുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായതായാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam