
കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ് എത്തിയത്. കറുത്ത വസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തിയത് ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെയാണ്. മതിലിനോട് ചേർന്ന ഭണ്ഡാരങ്ങളാണ് ആദ്യം കുത്തിതുറന്നത്.
ശ്രീകൃഷ്ണ ജയന്തിയടക്കം ഉത്സവങ്ങള്‍ക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മതിലിന്‍റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങള്‍ ആദ്യം കുത്തിതുറന്നു. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബ്ലേഡ് ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അതേസമയം, ആലപ്പുഴയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നൂറനാട് പത്താംമൈൽ സെന്റ് റെനാത്തോസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം അപഹരിച്ചത് കഴിഞ്ഞ ദിവസമാണ്. കൂടാതെ നൂറനാട് മറ്റപ്പള്ളി സ്വരൂപാനന്ദാശ്രമത്തിലെ ചന്ദനമരം മുറിച്ചു കടത്തുകയും ചുനക്കര വടക്ക് വിളയിൽ ക്ഷേത്രത്തിലെയും മേപ്പളളിമുക്കിലെ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചികൾ കുത്തി തുറന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
ഒരു ഇടവേളയ്ക്കുശേഷമാണ് മേഖലയിൽ വീണ്ടും മോഷണം വർദ്ധിച്ചിരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി നൂറനാട് സി. ഐ പി. ശ്രീജിത്ത് പ്രതികരിച്ചു. ശനിയാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ആരാധനാ ലയങ്ങളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന ആരാധനാലയങ്ങൾക്ക് സമീപമുള്ള സി സി ടി വികളും പൊലീസ് പരിശോധിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam