
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ മോഷണം. സിസിടിവി തകര്‍ത്തായിരുന്നു കവര്‍ച്ച. ആയിരക്കണക്കിന് രൂപ നഷ്ടമായെന്ന് ഭാരവാഹികള്‍ പറഞ്ഞു. പള്ളിക്കൽകാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരൻ പുലർച്ചെ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകര്‍ത്തു. ഓഫീസ് അലമാര കൗണ്ടർ വലിപ്പ് എന്നിവയും തകര്‍ത്ത നിലയിലാണ്. 2011ൽ രണ്ട് പ്രാവശ്യം ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
താഴികക്കുടവും പ്രഭാവലയവും പണവും അന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഇത് വരെ കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അതേസമയം, മലപ്പുറം നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതിയായ കര്‍ണാടക സ്വദേശി പിടിയിലായിട്ടുണ്ട്.
കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 13ന് വൈകീട്ട് നാല് മണിക്കാണ് ഇയാള്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്തു മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ പകുതി നമ്പര്‍ ലഭിച്ചിരുന്നു. ഇത് വച്ചാണ് അന്വേഷണം നടത്തിയത്. ഇതില്‍ പ്രതി കര്‍ണാടകത്തിലെ ചിക്കബല്ലാപ്പുരയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ പേരിൽ ചിക്കബല്ലാപ്പുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മാല പൊട്ടിക്കുന്നതിനിടെ സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപെടുത്താന്‍ ശ്രമം തുടങ്ങി ആറോളം കേസുകൾ നിലവിലുണ്ട്.
മുന്‍ വര്‍ഷങ്ങളിലും ഇയാള്‍ക്കെതിരെ ചിക്കബല്ലാപുര ടൗണ്‍ സ്റ്റേഷനിലും റൂറല്‍ സ്റ്റേഷനിലുമടക്കം അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജ്, എസ് ഐ രാമന്‍, എസ്‍സിപിഒ സുഭാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കര്‍ണാടകയില്‍ കണ്ടെത്തിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോൾ ചിക്കബല്ലാപ്പുര ജയിലിലാണ്.
അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; അമ്മയെ മാപ്പുസാക്ഷിയാക്കി കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam