മുളകുപൊടി വിതറി മോഷണം പതിവാക്കിയവര്‍; ജ്വല്ലറി കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Apr 17, 2021, 11:29 AM IST
Highlights

കഴിഞ്ഞ രാത്രിയാണ് കുറ്റിച്ചൽ വൈഗാ ജ്വല്ലറിയിൽ നിന്ന് ദമ്പതികളായ നാലംഗ സംഘം ആറ് പവൻ സ്വർണം കവർന്നത്. ജീവനക്കാരുടേയും ഉടമയുടേയും മുഖത്ത് മുളകുപൊടിയെറിഞ്ഞായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതോടെയാണ് ഒരു മണിക്കൂറിനുള്ളിൽ നാല് പേരും പൊലീസിന്‍റെ വലയിലായത്.

ബാലരാമപുരം: തിരുവനന്തപുരം കുറ്റിച്ചലിൽ ജ്വല്ലറി ജീവനക്കാരുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണം കവർന്ന കേസിലെ പ്രതികൾ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. കവർച്ച നടത്താനുപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ പിടിച്ച മലയൻകീഴ് പൊലീസിന് റൂറൽ എസ്‍പി പാരിതോഷികം പ്രഖ്യാപിച്ചു.

കഴിഞ്ഞ രാത്രിയാണ് കുറ്റിച്ചൽ വൈഗാ ജ്വല്ലറിയിൽ നിന്ന് ദമ്പതികളായ നാലംഗ സംഘം ആറ് പവൻ സ്വർണം കവർന്നത്. ജീവനക്കാരുടേയും ഉടമയുടേയും മുഖത്ത് മുളകുപൊടിയെറിഞ്ഞായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതോടെയാണ് ഒരു മണിക്കൂറിനുള്ളിൽ നാല് പേരും പൊലീസിന്‍റെ വലയിലായത്.

അറസ്റ്റിലായ വിഷ്ണു ഭാര്യ ആൻഷാ, ഹരികൃഷ്ണൻ ഭാര്യ അനീഷാ എന്നിവരെ കടയുടമ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹരികൃഷ്ണനും അനീഷയും കഴിഞ്ഞയാഴ്ച ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് ഒന്നേമുക്കാൽ പവന്‍റെ മാല മോഷ്ടിച്ച കേസിലും പ്രതികളാണ്. സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും സംഘം മോഷണം നടത്തിയിട്ടുണ്ടോ എന്നു അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മലയിൻകീഴ് സ്വദേശികളായ പ്രതികൾ ബാലരാമപുരം പനയറകുന്ന് ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്.

ഇവർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറും ബൈക്കും തിരുവനന്തപുരത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിലെ ഒമ്പത് പേർക്കാണ് റൂറൽ എസ്പി പാരിതോഷികം പ്രഖ്യാപിച്ചത്. സബ് ഇൻസ്പെക്ടർമാരായ സരിത,സുബിൻ എന്നിവർക്ക് ഗുഡ് സർവ്വീസ് എൻട്രിയും മറ്റ് ഏഴ് പേ‍ർക്ക് ക്യാഷ് അവാർഡുമാണ് നൽകുക.

click me!