
ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒന്ന് കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവും അമ്മയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ഹോംസ്റ്റേയിൽ തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും, ജീവയെ കഴുത്തിൽ ഷാൾ മുറുകി കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ജീവയുടേത് കൊലപാതകമെന്ന സൂചനകൾ ലഭിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജീവയുടെ പേരിലുള്ള കമ്പത്തെ ഭൂമി വിൽക്കാനായാണ് കുടുംബം തേക്കടിയിലെത്തുന്നത്. ഇത് വിറ്റുകിട്ടുന്ന പണത്തിനായി കുമളി മേഖലയിൽ എസ്റ്റേറ്റ് വാങ്ങാനും ഉദ്ദേശിച്ചിരുന്നു. ജീവയുടെ കൈവശം പത്ത് ലക്ഷം രൂപയും 80 പവനും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആർഭാട ജീവിതമായിരുന്നു പ്രമോദിന്റേത്. ഒടുവിൽ പണം തീർന്നപ്പോൾ ഇതേച്ചൊല്ലി ജീവയും പ്രമോദും വഴക്കായി. പ്രമോദ് ജീവയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. രക്ഷപ്പെടാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രമോദും അമ്മയും ആത്മഹത്യചെയ്യാൻ തീരുമാനിച്ചത്.
ശോഭന കത്തിയെടുത്ത് കയ്യിലെ ഞെരമ്പ് മുറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇരുവരും തൂങ്ങിയത്. പ്രമോദിനെതിരെ നിരവധി ക്രിമിനൽ കേസുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് വിദേശത്തായിരുന്ന പ്രമോദ് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നതാണ് ഈ കേസുകളെല്ലാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam