
കാരൈക്കുടി(തമിഴ്നാട്): മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി കള്ളന്റെ വീഡിയോ വൈറൽ. തമിഴ്നാട് ശിവഗംഗയിലാണ് സംഭവം. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം. വെങ്കിടേശ്വരൻ എന്നയാളിന്‍റെ വീട്ടിലാണ് കള്ളൻ കയറിയത്. കുറച്ചുനാളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. രാമനാഥപുരത്തുകാരൻ സ്വാതിതിരുനാഥനാണ് മോഷ്ടിക്കാൻ കയറിയത്.
ആളില്ലാത്ത വീട്ടിൽ കണ്ണുവച്ചിരുന്നതാണ്. കഴിഞ്ഞ നല്ല സമയം നോക്കി കയറി. കവർച്ചയുടെ ആദ്യഭാഗം ആസൂത്രണം ചെയ്തപോലെ കള്ളൻ ഭംഗിയാക്കി. പൂട്ടിയിട്ട വീടിന്‍റെ ഓടിളക്കി ഉള്ളിലിറങ്ങി. കിട്ടിയ വിലപിടിപ്പുള്ള മുതലുകളെല്ലാം കൈക്കലാക്കി കയറിയ വീടിന്‍റെ കിടപ്പുമുറിയിൽ കൂട്ടിയിട്ടു. കക്കാൻ കയറും മുമ്പ് സ്വാതിതിരുനാഥൻ സാമാന്യം മദ്യപിച്ചിരുന്നു. പിത്തളയും വിളക്കും വെള്ളിപ്പാത്രങ്ങളും ഒക്കെയായി കിട്ടിയതെല്ലാം കൈക്കലാക്കി. മച്ചിൽ നിന്ന് ഫാൻ വരെ അഴിച്ചിറക്കി. വീട്ടിൽ ആളില്ലാത്തതിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടെണ്ണം കൂടി അടിച്ചിട്ടാകാം ബാക്കി എന്നങ്ങ് തീരുമാനിച്ചു.
കയ്യിൽ കരുതിയ ശേഷിച്ച മദ്യവും പൊതിഞ്ഞുകൊണ്ടുവന്ന ബിരിയാണിയും അകത്താക്കിയപ്പോൾ ക്ഷീണം. ഒന്നു മയങ്ങാമെന്നുവച്ചു കിടന്നെങ്കിലും നന്നായി ഉറങ്ങിപ്പോയി. വീടിന്‍റെ ഓടിളകി കിടന്നത് കണ്ട അയൽവാസികൾ വിവരം വീട്ടുടടമ വെങ്കിടേശ്വരനെ വിളിച്ചറിയിച്ചു. പൊലീസിനേയും കൂട്ടി വെങ്കിടേശ്വരൻ വന്നു വീടു തുറന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ കള്ളൻ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു. ആരുമില്ലാത്തതുകൊണ്ട് പതിയെ പണി തീർത്ത് പോകാമെന്ന് കരുതിയെന്ന് കള്ളന്‍റെ മൊഴി. പൊലീസ് കള്ളനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
തമിഴ്നാട്ടിൽ മലയാളി റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാനാകാതെ പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam