
പാലക്കാട് ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാല മോഷ്ടാരക്കൾ വിലസുകയാണ്. ഇവരെ പേടിച്ചിട്ട് യാത്ര ചെയ്യാൻ പോലും പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇന്നും രണ്ട് മോഷ്ടാക്കളെ പിടികൂടിയിട്ടുണ്ട്. ബസുകളിൽ യാത്ര ചെയ്ത് മാല മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. പാലക്കാട് കണ്ണന്നൂരിൽ ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാൽ പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ബസിൽ യാത്ര ചെയ്ത് മോഷണം പതിവാക്കിയ ഇവർക്കെതിരെ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലായി പത്തോളം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പലയിടത്തും വിത്യസ്ത മേൽവിലാസമാണ് ഇവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ മേൽവിലാസം ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ്.. അടുത്തിടെ ഇവർ ബസിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
അടുത്തകാലത്തായി ബസുകളിൽ മോഷണം വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സൗത്ത് സ്റ്റേഷനിൽ മാത്രം ലഭിച്ചത് 20 പരാതികളാണ്. കഴിഞ്ഞ ആഴ്ച പാലക്കാട് ടൗൺ ബസിൽ യാത്ര ചെയ്ത തേങ്കുറിശ്ശി സ്വദേശി കനകത്തിന്രെ രണ്ടു പവൻ മാല മോഷണം പോയിരുന്നു. മോഷണം വർധിച്ചതോടെ പാലക്കാട് പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പാലക്കാട് സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു.
കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകൾ കോഴിക്കോട് അറസ്റ്റിലായിരുന്നു. മധുര കല്ലുമേട് സ്വദേശിനികളായ പൊന്നി(27), പ്രിയ(28)എന്നിവരായിരുന്നു അറസ്റ്റിലായത്. കൊണ്ടോട്ടിയിൽ നിന്നു ഫറോക്കിലേക്ക് വരികയായിരുന്ന മിനി ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഒരു വയസുള്ള കുഞ്ഞിന്റെ അഞ്ച് ഗ്രാം പാദസരമാണു ഇരുവരും ചേർന്നു മോഷ്ടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam