
തിരുവല്ല: പാലിയേക്കര ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മരണത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പത്തനംതിട്ട എസ് പി യോടാണ് റിപ്പോർട്ട് തേടിയത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു.
മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.
കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വെള്ളം ശേഖരിക്കുന്നതിനായി കിണറ്റിൽ മോട്ടോർ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു.
വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ദുരൂഹത തുടരുന്ന പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam