ഉദുമയിൽ നാൽപ്പത് കോടിയുടെ ഫാൻസി കറൻസിയും ആറ് ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ

By Web TeamFirst Published Apr 26, 2021, 12:28 AM IST
Highlights

ഉദുമയിൽ നാൽപ്പത് കോടിയുടെ ഫാൻസി കറൻസിയും ആറ് ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ. കർണാടക സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്

കാസർകോട്:  ഉദുമയിൽ നാൽപ്പത് കോടിയുടെ ഫാൻസി കറൻസിയും ആറ് ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ. കർണാടക സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. പൊലീസ് കൈകാട്ടിയപ്പോൾ നിർത്താത്തതെ പോയതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കാഞ്ഞങ്ങാട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം പൊലീസ് കൈകാട്ടിയതിനെ തുടർന്ന് നിർത്താതെ പോയി.  പിന്തുടർന്നാണ് ഉദുമയിൽ നിന്നാണ് പിടികൂടിയത്. കർണാടക,മഹാരാഷ്ട്ര സ്വദേശികളായ ഷേയ്ഖ് അലി, അർജുൻ ഗെയ്ഡജാക്,പരമേശ്വർ നർസുമാനെ എന്നിവരാണ് പിടിയിലായത്. 

പെട്ടിയിൽ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. 2000 രൂപയുടെ ഫാൻസി നോട്ടുകളടങ്ങിയ ഓരോ ലക്ഷത്തിന്‍റെ ബണ്ടിലിന്‍റെ മുകളിലും താഴയെും 2000 രൂപയുടെ കറൻസി അടുക്കിവച്ച നിലയിലായിരുന്നു. കാസർകോട് ജില്ലയിലെ ആരെയോ കബളിപ്പിക്കാനായി കാറിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയതെന്നാണ് ബേക്കൽ പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

കാറും കറൻസിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിന്ദി സിനിമ നിർമാതാവും പ്രവർത്തകരും ബിസിനസുകാരുമാണ് തങ്ങളെന്നാണ് സംഘം പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അല്ലെന്ന് വ്യക്തമായി. കർണാടകയിലും മഹാരാഷ്ട്രയിലും ഇവർക്കെതിരെ വിശ്വാസ വഞ്ചന, അടിപിടി കേസുകൾ ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

click me!