
കോഴിക്കോട്: കണ്ണൂർ സ്വദേശിയായ ട്രാൻസ്ജെൻഡർ ഷാലു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഒരു വർഷമായി കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും ലോക്കൽ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതിൽ കൂടുതൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ട്രാനസ്ജെൻഡർ സംഘടനയായ പുനർജനി കൾച്ചറൽ സൊസൈറ്റി ആരോപിക്കുന്നു. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് അന്വേഷണ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംഘടന.
2019 ഏപ്രിൽ ഒന്നിനായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് പരിധിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഷാലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടി. ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ടയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.
തുടർന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിൽ വിട്ടയച്ചു. കേസുമായി 170-ൽ പ്പരം ആളുകളെ ആദ്യ ഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ അന്വേഷണം ഈർജ്ജിതമല്ലെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ററുകൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പുനര്‍ജനി പ്രസിഡന്റ് സിസിലി ജോര്‍ജ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
പരാതി സംബന്ധിച്ച് കോഴിക്കോട് ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷം അന്വേഷണം ഉടൻ പൂർത്തിയാക്കാൻ മുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസ് അന്വേഷിച്ച് തുമ്പ് കിട്ടാതായതോടെ ട്രാനസ്ജെൻഡർ കൾച്ചരൽ സംഘടനകൾ ചേർന്ന് മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി വകുപ്പിനും പരാതി നൽകിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
സംഭവത്തിൽ ആദ്യം സിആര്‍പിസി174 വകുപ്പില്ലാണ് അന്വേഷണം തുടങ്ങിയതെങ്കിലും ഷാലുവിനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് മനസിലായതോടെ നിലവിൽ വകുപ്പ് 302 ചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. ഷാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് ആദ്യ ഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നു. ശാലുവിന്റെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും നേരത്തെ ഷൊർണൂരിൽ വെച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമെല്ലാം പൊലീസ് വ്യക്തമാക്കിയതുമാണ്.
പ്രതി ഷാലുവിനെ നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെത്തിയ ഷാലു രാത്രി വൈകിയും സംഭവ സഥലത്ത് ഇയാളുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇത്രയൊക്കെ വിവരങ്ങൾ കിട്ടിയിട്ടും പ്രതിയെ പിടിക്കാനാവാത്തത് ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയാണെന്നാണ് ട്രാനസ്ജെന്‍റർ സംഘടനകളുടെ ആരോപണം. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ക്രൈബ്രാഞ്ച് അധികൃതർ നൽകുന്ന വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam