
വയനാട്: വയനാട് പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുൽപ്പള്ളി ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌കോഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
തലസ്ഥാനത്ത് എംഡിഎംഎ വേട്ട
തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ- വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നഗരത്തിൽ വിദ്യാർത്ഥികള്‍ക്കിടയില്‍ വിൽക്കാനായി കൊണ്ടുവന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. വലിയതുറ സുലൈമാൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ എംഡിഎംഎയുമായി യുവാക്കള്‍ ഒത്തുകൂടിയെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്‍റെ പരിശോധന. ഇവിടെയെത്തിയപ്പോള്‍ പൊലീസ് കണ്ടത് ബെംഗളൂരിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു. ഷിഹാസ്, അച്ചു, സൈദലി, അൽ-അമീൻ, അൻസൽ റഹ്മാൻ, ഷാനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വഞ്ചിയൂരിൽ വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ടെത്തിയ ബെൻസൻ, പിനോ പെരേര എന്നിവരിൽ നിന്നും എംഡിഎംഎ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഇവർ നഗരത്തിൽ മയക്കമരുന്ന് വിൽപ്പനയ്ക്കായി എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പണവും പൊലീസിന് ലഭിച്ചു. മയക്കുമരുന്ന് വിറ്റ് കിട്ടിയതാണ് പണമെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ശംഖുമുഖം അസി. കമ്മീഷണർക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു രണ്ട് സ്ഥലത്തും പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.