
തൃശൂര്‍: തൃശൂർ മൂന്നുപീടികയിലെ ജ്വല്ലറി കവർച്ച ഉടമയുടെ തിരക്കഥയെന്ന് പൊലീസ്. ജ്വല്ലറിയിൽ നിന്ന് ഒരു തരി സ്വർണം പോലും നഷ്ടമായിട്ടില്ലെന്ന് വ്യക്തമായി. ഇൻഷുറൻസ് തുക കൈക്കലാക്കാൻ ജ്വല്ലറി ഉടമ നടത്തിയ നാടകം പൊലീസ് അതിവിദഗ്ധമായി പൊളിക്കുകയായിരുന്നു.
മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നുവെന്നായിരുന്നു ഉടമയുടെ പരാതി. എന്നാൽ, ഉടമയെ കൂടുതൽ ചോദ്യം ചെയ്തതോടെ കള്ളക്കഥ പൊളിയുകയായിരുന്നു. മോഷണം നടന്നുവെന്ന് പറയുന്ന ഗോള്‍ഡ് ഹേര്‍ട്ട് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ പൊലീസിനോട് അവസാനം സമ്മതിച്ചു.
ഉടമയെയും ജീവനക്കാരനെയും രണ്ടു ദിവസമായി ചോദ്യം ചെയ്തതില്‍ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. തറയ്ക്കടിയിലെ രഹസ്യ അറ താക്കോല്‍ ഉപയോഗിച്ചാണ് തുറന്നതെന്ന് പൊലീസിന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് മോഷണകഥ നാടകമാണെന്ന സംശയം ബാലപ്പെട്ടത്. ജ്വല്ലറിയില്‍ വില്‍ക്കാന്‍ വെച്ചതായി കാണിച്ച ആഭരണങ്ങള്‍ സ്വര്‍ണമല്ലെന്നും പൊലീസ് കണ്ടെത്തി.
ആറുകിലോ സ്വര്‍ണം കടയിലുണ്ടെന്ന് കാണിച്ച് ഉടമ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇത് മൂന്നരക്കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തിരുന്നു. കടം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനും നിക്ഷേപകരെ കബളിപ്പിക്കാനുമായിട്ടാണ് കവര്‍ച്ചാ നാടകം എന്നാണ് പൊലീസ് കരുതുന്നത്. ഉടമയ്ക്കെതിരെ പൊലീസിനെ കബളിപ്പിച്ചതിനുള്ള നിസാര കേസ് മാത്രമാണുണ്ടാവുക.
പരാതിക്കാരന്‍ ജ്വല്ലറി ഉടമായതിനാല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂരിലും തൃശൂരിലും ജ്വല്ലറികള്‍ അടക്കം നിരവധി ബിസിനസുകൾ നടത്തി പരാജയപ്പെട്ട അവസ്ഥയിലായിരുന്നു ഉടമ. ഈ വിവരമാണ് അന്വേഷണത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാന്‍ കാരണമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam