
കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന്‍റെയും അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെയും ഞെട്ടലിൽ നിന്ന് കേരളം മുക്തമായിട്ടില്ല. അതിനിടെയിലാണ് മറ്റൊരു ദാരുണമായ കൊലപാതക വാർത്ത കൂടി തൃശ്ശൂരിൽ നിന്ന് പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്.
ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.
കൊലയ്ക്ക് കാരണം സാമ്പത്തിക പ്രശ്നം
ഒരു മാസം മുമ്പാണ് ശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്‍റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.
’മകന് അമ്മയും നല്ല സ്നേഹനത്തിലായിരുന്നു’
വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല.
ബഹളമോ ഉച്ചത്തിൽ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നും ഇവർ പറയുന്നു. പിന്നെ പെട്ടെന്നുള്ള പ്രകോപനം എന്താണെന്നാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. ചാലക്കുടി ഡിവൈഎസ്പിസി ആര്‍ സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam