പത്തുവർഷം കൊണ്ട് 4,000ത്തോളം അനധികൃത ഗര്‍ഭച്ഛിദ്രം; ദമ്പതികൾ അറസ്റ്റിൽ

By Web TeamFirst Published May 31, 2019, 2:38 PM IST
Highlights

ഏറെയും അവിവാഹിതരുടെ ഗര്‍ഭം അലസിപ്പിക്കലാണ് ദമ്പതികൾ ചെയ്തിരുന്നതെന്നും ഇതിന് ഇടനിലക്കാരായി നിന്നവരുടെ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ചെന്നൈ: പത്ത് വർഷമായി അനധികൃത ​ഗർഭച്ഛിദ്രം നടത്തിവന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവണ്ണാമലയിലെ കൃഷ്ണന​ഗർ സ്വദേശികളായ പ്രഭു(45), കവിത(41) എന്നിവരാണ് പിടിയിലായത്. കളക്ടർ കെ എസ് കന്തസാമി ജില്ലാ പൊലീസ് മേധാവി സിബി ചക്രവര്‍ത്തിയുമടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ദമ്പതികൾ നടത്തി വന്ന പലചരക്ക് കടയുടെ പിന്നിൽ രഹസ്യമായാണ് ഗര്‍ഭച്ഛിദ്രകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ പത്തു‌വർഷം കൊണ്ട് 4,000ത്തിലേറെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പൊലീസ് പറ‍ഞ്ഞു. ഏറെയും അവിവാഹിതരുടെ ഗര്‍ഭം അലസിപ്പിക്കലാണ് ദമ്പതികൾ ചെയ്തിരുന്നതെന്നും ഇതിന് ഇടനിലക്കാരായി നിന്നവരുടെ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് സഹായം ചെയ്തിരുന്ന പ്രദേശത്തെ സ്‌കാനിങ് സെന്ററുകളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവരുടെ പക്കൽ നിന്നും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസ യോ​ഗ്യത മാത്രമുള്ള ഇവർ, ഗര്‍ഭച്ഛിദ്രം നടത്തിയ ഒരു യുവതി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇവരെ അറസ്റ്റുചെയ്തത്. ആറുമാസത്തിനിടെ ഇതു രണ്ടാംതവണയാണ് തിരുവണ്ണാമലയില്‍ സമാനമായ സംഭവം പുറത്തുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
 

click me!