ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവിക്ക് കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകള്‍ക്കും തടവും പിഴയും

By Web TeamFirst Published Jan 29, 2023, 1:07 AM IST
Highlights

അഞ്ച് ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ് സാബു കൈക്കൂലി വാങ്ങിയതായി സിബിഐ കോടതി കണ്ടെത്തി.

കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും ശിക്ഷിച്ച് സിബിഐ കോടതി. കൊച്ചിയിലെ മുൻടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ് സാബുവിനെ മൂന്ന് തടവിനും രണ്ട് ഹോട്ടലുമടകളെ ഓരോ വർഷം തടവിനുമാണ് ശിക്ഷിച്ചത്. ഇവർ പിഴയും ഒടുക്കണം. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. അഞ്ച് ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൊച്ചിയിലെ മുൻടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ് സാബു കൈക്കൂലി വാങ്ങിയതായി സിബിഐ കോടതി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാബുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. സാബു മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം.  

കണ്ണൂരിലെ ഹോട്ടൽ വിന്‍റേജ് റസിഡൻസി ഹോട്ടലുടമ  എന്‍. കെ നിഗേഷ് കുമാർ, ലിൻഡാസ് റെസിഡൻസി ഉടമ ജെയിംസ് ജോസഫ് എന്നിവർ കൈക്കൂലി നൽകിയതായും കോടതിയ്ക്ക് വ്യക്തമായി. ഇവരെ ഓരോ വർഷം തടവിനാണ് ശിക്ഷിച്ചത്. ഇരുവരും അരലക്ഷം രൂപ വീതം പിഴയടയ്ക്കണം.മലപ്പുറം കോട്ടയ്ക്കലിലെ കോർനിഷ് ഹോസ്പിറ്റാലിറ്റി, തലശ്ശേരിയിലെ പേൾവ്യൂ റീജൻസി, കണ്ണൂരിലെ ലീഷേഴ്സ് ആൻഡ് ടൂറിസം ഇന്‍റർനാഷണൽ ലിമിറ്റഡ് എന്നീ ഹോട്ടലുകളുടെ ഉടമകൾ 55,000 രൂപ വീതം പിഴയൊടുക്കണം.

പ്രതിപട്ടികയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ എൽ.വേൽമുരുഗനെ കോടതി കുറ്റവിമുക്തനാക്കി. 2011ലാണ് ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി ലഭിക്കാൻ ഉടമകൾ സാബുവിന് കൈക്കൂലി നൽകിയത്. രഹസ്യ വിവരത്തെ തുടർന്ന് സിബിഐ കൊച്ചിയിലെ ടൂറിസം ഓഫീസിൽ നടത്തിയ റെയ്ഡിൽ നാലേമുക്കാൽ ലക്ഷം രൂപയുടെ പാരിതോഷികങ്ങളും വിദേശമദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.

Read More : ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം; കരാര്‍ കമ്പനി 6.5 കോടി പിഴയൊടുക്കണം

click me!