വീണ്ടും ക്രൂരത; കുട്ടിയെ മോഷ്ടിച്ചെന്ന സംശയത്തില്‍ ട്രാന്‍സ്‍ജെന്‍ഡറിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി

By Web TeamFirst Published Jul 23, 2019, 7:41 PM IST
Highlights

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവരുണ്ടെന്ന പ്രചരണമുണ്ടായിരുന്നു

കൊല്‍ക്കത്ത: കുട്ടിയെ മോഷ്ടിച്ചെന്ന സംശയത്തില്‍ ആള്‍ക്കൂട്ടം ട്രാന്‍സ്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. കുട്ടിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം റെയില്‍വേ ട്രാക്കിലിട്ട് ട്രാന്‍സ്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ആള്‍ക്കൂട്ടത്തിന്‍റെ ആക്രമത്തില്‍ പരിക്കേറ്റ് ഇവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കല്ലുകളുപയോഗിച്ച് തലക്കടിച്ചും  മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ ഇവരെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിന്നീട് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
അധികൃതരുടെ അനാസ്ഥയാണ് ട്രാന്‍സ്‍ജെന്‍ഡറിന്‍റെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് സംശയം തോന്നിയ ട്രാന്‍സ്‍ജെന്‍ഡറിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. എന്നാല്‍ ഇതുവരെയും ജില്ലയില്‍ ഒരിടത്തു നിന്നും കുട്ടിയെ നഷ്ടപ്പെട്ടതായുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിലുള്‍പ്പെട്ട കുറ്റക്കാരായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

click me!