ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ട്രാവല്‍ ഏജൻസി ഉടമ കീഴടങ്ങി

By Web TeamFirst Published May 19, 2019, 11:53 PM IST
Highlights

മലപ്പുറം, പാലക്കാട് ജില്ലകളിലെ നൂറിലധികം ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ട്രാവല്‍ ഏജൻസി ഉടമ കീഴടങ്ങി

മേലാറ്റൂർ: ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ട്രാവല്‍ ഏജൻസി ഉടമ കീഴടങ്ങി. മലപ്പുറം, പാലക്കാട് ജില്ലകളിലെ നൂറിലധികം ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ  ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയാണ് കീഴടങ്ങിയത്.

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനിലാണ് അക്ബര്‍ അലി കീഴടങ്ങിയത്. ഇയാളുടെ വീട്ടിലും ഓഫീസുകളിലും പൊലീസ് പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. കോഴിക്കോട്, പാലക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ഗ്ലോബല്‍ ഗൈഡ‍് ട്രാവല്‍സിന് ഏജൻസികളുണ്ടായിരുന്നു. കുറഞ്ഞ ചിലവില്‍ ഉംറ തീര്‍ത്ഥാടനം വാഗ്ദ്ധാനം ചെയ്തു. 55000 രൂപ വീതം വാങ്ങി 83 പേരെയാണ് മക്കയിലെത്തിച്ചത്. ഇവര്‍ക്ക് തിരികെ വരാനുള്ള ടിക്കറ്റ് റദ്ദാക്കിയ അക്ബര്‍ അലി ആ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു ആദ്യം തട്ടിപ്പ് നടത്തിയത്. 

ഇന്ത്യൻ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെയാണ് ഇവര്‍ക്ക് പിന്നീട് കേരളത്തിലെത്താനായത്. വീണ്ടും മേലാറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ 40ലേറെ പേരില്‍നിന്ന് ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദ്ധാനം ചെയ്ത് പണം വാങ്ങി. ഇവര്‍ക്ക് പോകേണ്ട സമയമായപ്പോഴേക്കും അക്ബര്‍ അലി മുങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതി പിടിയിലായതറിഞ്ഞ് കൂടുതൽ പേര്‍ പരാതിയുമായി എത്തുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

click me!