ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 429 പേരിൽ നിന്ന് പണം തട്ടിയെന്ന പരാതി; നുസ്രത്ത് ജഹാനെ ഇഡി ചോദ്യംചെയ്യും

Published : Sep 05, 2023, 03:00 PM IST
ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 429 പേരിൽ നിന്ന് പണം തട്ടിയെന്ന പരാതി; നുസ്രത്ത് ജഹാനെ ഇഡി ചോദ്യംചെയ്യും

Synopsis

ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി

കൊല്‍ക്കത്ത: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. സെപ്റ്റംബർ 12ന് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശം.

നുസ്രത്ത് ജഹാന്‍ അപ്പാർട്ട്‌മെന്റുകൾ നല്‍കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണംതട്ടി എന്നാണ് ആരോപണം. ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുകയായിരുന്നു.

സെവൻ സെൻസ് ഇന്റർനാഷണൽ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു നുസ്രത്ത് ജഹാൻ. രാജർഹട്ടിൽ അപ്പാർട്ട്‌മെന്റുകൾ നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. 5.5 ലക്ഷം രൂപ വീതമാണ് ഓരോരുത്തരില്‍ നിന്ന് വാങ്ങിയത്. 

പറഞ്ഞ സമയത്തിനുള്ളില്‍ കമ്പനി ഫ്ലാറ്റുകൾ വിതരണം ചെയ്യാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതിയെത്തിയത്. 2018 ആയിട്ടും ഫ്ലാറ്റുകള്‍ ലഭിക്കാതായതോടെ പൊലീസ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാര്‍ കോടതിയെ സമീപിച്ചു. 24 കോടി രൂപ ഡയറക്ടര്‍മാര്‍ സ്വന്തം പേരില്‍ ഭൂമി വാങ്ങാനാണ് ഉപയോഗിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. കൊൽക്കത്തയിലെ അലിപൂർ കോടതിയിലാണ് നുസ്രത്തിനെതിരെ പരാതി എത്തിയത്. പരാതി അന്വേഷിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങൾ നുസ്രത്ത്  ജഹാൻ നിഷേധിച്ചു. 10 വര്‍ഷം മുന്‍പുള്ള കേസാണെന്നും താന്‍ 2017ൽ കമ്പനിയിൽ നിന്ന് രാജിവെച്ചതാണെന്നും  നുസ്രത്ത് വിശദീകരിച്ചു. തന്‍റെ അഭിഭാഷകന്‍ പരാതിക്കാര്‍ക്ക് മറുപടി നല്‍കും.  2014-16ൽ കമ്പനിയുടെ ഡയറക്‌ടറായിരിക്കുമ്പോൾ കമ്പനിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. ഫ്‌ളാറ്റിന്‍റെ കൈവശം സംബന്ധിച്ച് നിയമപരമായ തർക്കമുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണെന്നും നുസ്രത്ത് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ