പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്: സുരേഷ് ഗോപിക്കെതിരെ നൽകിയ കുറ്റപത്രം മടക്കി നല്‍കി

By Web TeamFirst Published Feb 3, 2020, 2:08 PM IST
Highlights

വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്കെതിരെ നൽകിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നൽകി. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നൽകിയത്. കുറ്റപത്രം പരിഗണിക്കാൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകാനും കോടതി നിർദ്ദേശിച്ചു. 

വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വാഹനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിൻറെ കണ്ടെത്തൽ.

പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ടുമെൻറില്‍ വാടക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങല്‍ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. വ്യാജ രേഖ ചമക്കൽ, തെളിവു നശിപ്പിൽ, മോട്ടോർവാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിലയിരിക്കുന്നത്. വ്യാജ രജിസ്ട്രേഷൻ വഴി സർക്കാരിന്  19,60,000രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഈ കേസിൽ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടിരുന്നു. 

സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസിൽ, അമല പോള്‍ എന്നിവരും വ്യാജ രജിസ്ട്രേഷനിൽ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ ഫഹദ് ഫാസിൽ പിഴയടച്ച് കേസിൽ നിന്നും ഒഴിവായി. അമലപോളിൻറെ വാഹനം കേരളത്തിൽ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. പിഴയടക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപി  വാഹനങ്ങള്‍ ദില്ലിയിലേക്കും ബെംഗലൂരിലേക്കും മാറ്റിയിരുന്നു. ഇപ്പോള്‍ ഈ വാഹനങ്ങള്‍ എറണാകുളത്തുണ്ടെന്നും ക്രൈം ബ്രാഞ്ച് വാദം.

click me!