
തിരുവനന്തപുരം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടി. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആദിത്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ജയകുമാര്‍, ശിശുപാലന്‍, പ്രശാന്ത്, സതീഷ് കുമാര്‍, ഹര്‍ഷ കുമാര്‍, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനില്‍ കുമാര്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്
സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വീകരിച്ചത്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മികച്ച രീതിയില്‍ വിപണി ഇടപെടല്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടല്‍ നടക്കുന്നില്ല. സപ്ലൈകോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 സാധനങ്ങള്‍ നല്‍കുന്നുണ്ട്. ടെണ്ടര്‍ നടപടികളില്‍ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിലക്കയറ്റമുണ്ടാവുമ്പോള്‍ സര്‍ക്കാരിന് ചെയ്യാനാവുന്നത് വിപണിയില്‍ ശക്തമായി ഇടപെടല്‍ നടത്തുകയെന്നതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ സപ്ലൈ കോയില്‍ എല്ലാമുണ്ടെന്ന മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റില്‍ പോലും നാലിലൊന്ന് സാധനങ്ങളില്ല. പഴവങ്ങാടിയിലെ സപ്ലൈ കോയില്‍ 13 ഇനം സബ്‌സിഡി സാധനങ്ങളില്‍ നിലവിലുള്ളത് മൂന്നെണ്ണം മാത്രമാണ്. കൊല്ലം ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പകുതി സബ്‌സിഡി സാധനങ്ങളുമില്ല. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ് സിഡി സാധനങ്ങള്‍ വന്നിട്ടില്ലെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവുണ്ട്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ 500 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.