രണ്ട് ബിസിനസുകാരെ മറ്റൊരു ബിസിനസുകാരനും ജീവനക്കാരും ചേര്‍ന്ന് കുത്തിയും അടിച്ചും കൊലപ്പെടുത്തി

By Web TeamFirst Published Jul 24, 2021, 8:47 AM IST
Highlights

ദില്ലി രോഹിണിയിലെ സെക്ടര്‍ 3യിലെ താമസക്കാരായ സുരേന്ദ്ര ഗുപ്ത, അമിത്ത് ഗോയല്‍ എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊലചെയ്യപ്പെട്ടത്.

ദില്ലി: ബിസിനസുകാരായ രണ്ട് സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു ബിസിനസുകാരനും അയാളുടെ രണ്ട് സഹായികളും അറസ്റ്റില്‍. ദില്ലി രോഹിണിയിലെ സെക്ടര്‍ 3യിലെ താമസക്കാരായ സുരേന്ദ്ര ഗുപ്ത, അമിത്ത് ഗോയല്‍ എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊലചെയ്യപ്പെട്ടത്. സുരേന്ദ്ര ഗുപ്തയുടെ ബന്ധുവും, ബിസിനസുകാരനുമായ സന്ദീപ് ജയിനും, അയാളുടെ രണ്ട് ജീവനക്കാരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ കാലത്ത് ഗുപ്ത സന്ദീപിന് 20 ലക്ഷം രൂപ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി കടം നല്‍കി. ഈ പണത്തില്‍ പകുതിയോളം സന്ദീപ് തിരിച്ചുനല്‍കി. എന്നാല്‍ പണം പൂര്‍ണ്ണമായി തിരിച്ചുനല്‍കണം എന്നായിരുന്നു ഗുപ്തയുട ആവശ്യം. ഇത് തര്‍ക്കമായി ഗുപ്തയെ സന്ദീപും ജീവനക്കാരും കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഗോയലിനെയും കൊലപ്പെടുത്തി.

വ്യാഴാഴ്ച രാത്രിയോടെയാണ് വസീരാബാദില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട എസ്.യു.വിയില്‍ നിന്നും അമിത്ത് ഗോയലിന്‍റെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് എസ്.യു.വി ഗുപ്തയുടെ വീട്ടിലെതാണെന്ന് പൊലീസ് വണ്ടി നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കളുടെ മൊഴി എടുത്തപ്പോഴാണ് വസീരാബാദിലെ സന്ദീപ് ജയിന്‍റെ ഫാക്ടറിയിലേക്ക് പണം തിരിച്ചുവാങ്ങാന്‍ ഗുപ്തയും, ഗോയലും പോയിരുന്നു എന്ന വിവരം ലഭിച്ചത്.

തുടര്‍ന്ന് ഫോണ്‍ ലോക്കേഷന്‍ ഉപയോഗിച്ച് സന്ദീപ് ജയിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ സംഭവിച്ച കാര്യങ്ങള്‍ ഇയാള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫാക്ടറിയില്‍ നിന്നുതന്നെ ഗുപ്തയുടെ ശരീരം കണ്ടെത്തി.

കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ബിസിനസുകാരെ ജയിന്‍റെ രണ്ട് ജീവനക്കാര്‍ കൊലപ്പെടുത്തിയത്. കടം നല്‍കിയ പണം തിരിച്ചുചോദിച്ച് നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ജയിന്‍ പൊലീസിന് നല്‍കിയ മറുപടി. അതേ സമയം രണ്ട് ബിസിനസുകാരുടെ മരണം സംബന്ധിച്ച് ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് മരിച്ചവരുടെ കുടുംബം പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!