
കണ്ണൂർ: കണ്ണൂരില്‍ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചാ ശ്രമം തടഞ്ഞതിനെത്തുടര്‍ന്നാണ് ജിന്‍റോയെ ഇരുവരും അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കിടന്നുറങ്ങുന്നതിനിടയിലാണ് ഡ്രൈവറായ ജിന്‍റോക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ച ലക്ഷ്യം വെച്ച് സ്റ്റേഡിയം പരിസരത്തെത്തിയ അല്‍ത്താഫും ഷബീറും ജിന്റോ ഉറങ്ങുന്നത് കണ്ട് ലോറിയുടെ സമീപത്ത് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പണം തട്ടിയെടുക്കാന്‍ ഇരുവരും ശ്രമിച്ചത് ജിന്റോ തടഞ്ഞതോടെയാണ് അക്രമമുണ്ടായത്. കാലിന് കുത്തേറ്റതോടെ ഇയാൾ പ്രാണരക്ഷാര്‍ത്ഥം കമ്മീഷണര്‍ ഓഫീസ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ടൗണ്‍ പോലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെ വെച്ച് കുഴഞ്ഞു വീണ ജിജോ രക്തം വാര്‍ന്നാണ് മരിച്ചത്.
ഏറെ നേരത്തിന് ശേഷം ഇതു വഴി പോയ യാത്രക്കാര്‍ വിളിച്ചറിയച്ചപ്പോഴാണ് പോലീസ് വിവരമറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാലില്‍ ആഴത്തിലേറ്റ മുറിവ് മരണത്തിനു കാരണമായതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ജില്ലാ പോലീസ് ആസ്ഥാനത്തിന‍്റെയും ക്രൈം ബ്രാഞ്ച് ഓഫീസിന്‍റേയും ടൗണ്‍ പോലീസ് സ്റ്റേഷന്‍റേയും സമീപത്ത് വെച്ചാണ് സംഭവമെന്നതിനാല്‍ പോലീസ് മറുപടി പറയണമെന്ന് കണ്ണൂര്‍ മേയര്‍ ടി ഓ മോഹനന്‍ പറഞ്ഞു. സിസിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായത്. അല്‍ത്താഫ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും.
കണ്ണൂരിൽ കമ്മീഷണര്‍ ഓഫീസിന് സമീപം കൊലപാതകം; ലോറി ഡ്രൈവറെ കുത്തിക്കൊന്നു, മോഷണശ്രമമെന്ന് സൂചന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam