കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. 

കണ്ണൂര്‍: കണ്ണൂരില്‍ അക്രമിയുടെ കുത്തേറ്റ ലോറി ഡ്രൈവര്‍ ചോര വാര്‍ന്ന് മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്‍റോയെയാണ് കമ്മീഷണര്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഡിയം പരിസരത്ത് നിര്‍ത്തിയിട്ട ലോറിയില്‍ വെച്ചാണ് ഇയാള്‍ക്ക് കുത്തേറ്റതെന്നാണ് നിഗമനം. ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുരുതര വീഴ്ചയാണെന്ന് കണ്ണൂര്‍ മേയർ ആരോപിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ വെച്ചാണ് ഡ്രൈവറായ ജിന്‍റോക്ക് കുത്തേറ്റത്. ലോറിയുടെ ക്യാബിനുള്ളില്‍ വെച്ച് പിടിവലിയുണ്ടായതിന്‍റെ ലക്ഷണവുമുണ്ട്. ഇവിടെ നിന്നും പ്രാണ രക്ഷാര്‍ത്ഥം ഓടിയ ജിന്‍റോ കമ്മീഷണര്‍ ഓഫീസിന് നൂറ് മീറ്റര്‍ അകലെ വെച്ച് റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം കുഴഞ്ഞ് വീണു. ഏറെ നേരത്തിന് ശേഷം ഈ വഴി പോയ യാത്രക്കാര്‍ വിളിച്ചറിയിച്ചപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ ആംബുലന്‍സില്‍ ജിന്‍റോയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. 

Also Read: വാഹനം ഓടിച്ചത് ഉല്ലാസ്; സുധി ഇരുന്നത് മുന്‍ സീറ്റില്‍; പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി

ജില്ലാ പൊലീസ് ആസ്ഥാനത്തിന്‍റെയും ക്രൈംബ്രാഞ്ച് ഓഫീസിന്‍റെയും ടൗണ്‍ പോലീസ് സ്റ്റേഷന്‍റെയും സമീപത്ത് വെച്ചാണ് സംഭവമെന്നതിനാല്‍ പൊലീസ് മറുപടി പറയണമെന്ന് കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡ‍ിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player