
തൃശൂർ : ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷം മുമ്പ് വയനാട്ടിൽ നിന്നും പോയ ആളാണ് ചന്ദ്രശേഖരൻ. ഇയാളുടെ രണ്ടാം ഭാര്യയിലെ കുട്ടികളാണ് ദേവനന്ദനയും ശിവനന്ദനയും. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ചന്ദ്രശേഖരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇന്നലെയാണ് അച്ഛനും രണ്ടു മക്കളും ലോഡ്ജിൽ മുറിയെടുത്തത്. ഉച്ചയ്ക്ക് 2.30 ന് റൂം വെക്കേറ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്ന് രാവിലെ 7 ന് ലോഡ്ജിന് പുറത്തുപോയ അച്ഛൻ, അൽപ്പസമയത്തിനുള്ളിൽ തിരികെയെത്തി. വെക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതിനെത്തുടർന്നാണ് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്. പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോൾ, കുട്ടികളിൽ ഒരാൾ കിടക്കയിൽ മരിച്ച നിലയിലും രണ്ടാമത്തെയാൾ തൂങ്ങിയ നിലയിലുമായിരുന്നു. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അച്ഛൻ. ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
പതിനഞ്ച് കൊല്ലം മുമ്പാണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരന്‍ തൃശൂരിലേക്കെത്തിയത്. ഇവിടെ രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
read more വിവാഹത്തിന് വധുവിന്‍റെ വീട്ടിലേക്ക് ട്രാക്ടറോടിച്ച് വരൻ; പിന്നാലെ നിരനിരയായി 51 ട്രാക്ടറുകള്‍...
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം