Latest Videos

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി, മാലയുമായി ഓടി; പ്രതികൾ പിടിയില്‍

By Web TeamFirst Published Feb 17, 2021, 12:01 AM IST
Highlights

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ്റ്റാന്‍റ് പരിസരത്തെ ലിമ ജ്വല്ലറിയിൽ മോഷണം നടന്നത്.  ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയ്യിലേക്ക് വാങ്ങി. തുടർന്ന് സ്വർണ്ണമാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു

ചാവക്കാട്: ആലുവ നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപകൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശി ഷിജോ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ്റ്റാന്‍റ് പരിസരത്തെ ലിമ ജ്വല്ലറിയിൽ മോഷണം നടന്നത്. കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും താലിയും നൽകാൻ ആവശ്യപ്പെട്ടു. 

ഈ സമയം പുറത്ത് നിർത്തിയിട്ട കാറിൽ മറ്റൊരാൾ കാത്തിരിപ്പുണ്ടായിരുന്നു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല
കൈയ്യിലേക്ക് വാങ്ങി. തുടർന്ന് സ്വർണ്ണമാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 

തുടർന്നാണ് ആലുവ പോലീസ് ചാവക്കാട് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ലിമ ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണ്ണം മാള പുത്തൻചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് കേസുകളിലും, ഷിജോ കഞ്ചാവ് കേസിലും നേരത്തെ പ്രതികളായിട്ടുണ്ട്. ആലുവ മുൻ നഗരസഭ ചെയ്ർമാൻ ഫ്രാൻസിസ് തോമസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലിമ ജ്വല്ലറി


 

click me!