അലിഗഢില്‍ രണ്ടു വയസ്സുകാരിയുടെ കൊലപാതകം: പ്രധാന പ്രതിയുടെ ഭാര്യയും സഹോദരനും അറസ്റ്റില്‍

By Web TeamFirst Published Jun 8, 2019, 11:25 PM IST
Highlights

പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് ലഭിച്ച ദുപ്പട്ട സൈസ്തയുടേതാണെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്‍ മെഹ്ദി ഹസനും പങ്കുള്ളതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത്നിന്ന് കണ്ടെടുത്ത കര്‍ട്ടന്‍റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്ന് ലഭിച്ചു.

അലിഗഢ്: മാതാപിതാക്കള്‍ കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കേസിലെ പ്രധാന പ്രതിയായ സഹീദിന്‍റെ സഹോദരന്‍ മെഹ്ദി ഹസന്‍, ഭാര്യ സൈസ്ത എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. സഹീദ്, അസ്ലം എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. 

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അലിഗഢ്  സീനിയര്‍ എസ്പി ആകാശ് കുല്‍ഹരി പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് ലഭിച്ച ദുപ്പട്ട സൈസ്തയുടേതാണെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്‍ മെഹ്ദി ഹസനും പങ്കുള്ളതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത്നിന്ന് കണ്ടെടുത്ത കര്‍ട്ടന്‍റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്ന് ലഭിച്ചു. കണ്ടെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചുകൊടുത്തെന്നും പൊലീസ് അറിയിച്ചു. നേരത്തെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചിരുന്നു. 

ജൂണ്‍ രണ്ടിന് കൈകള്‍ ഒടിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ മാലിന്യം തള്ളുന്ന പ്രദേശത്തുനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. മെയ് 28ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും പ്രക്ഷോഭം സംഘടിപ്പിക്കുകയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

click me!