ആക്രി കച്ചവടത്തിന്‍റെ മറവിൽ 12 കോടിയുടെ ജിഎസ്‍ടി തട്ടിപ്പ്, രണ്ട് പെരുമ്പാവൂർ സ്വദേശികള്‍ അറസ്റ്റില്‍

By Web TeamFirst Published Nov 10, 2022, 9:43 PM IST
Highlights

ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്‍ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്.

കൊച്ചി: ആക്രി കച്ചവടത്തിന്‍റെ മറവിൽ 12 കോടി രൂപ ജി എസ്‍ ടി തട്ടിപ്പ് നടന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവര്‍ ഇടപ്പള്ളിയിൽ വെച്ചാണ് അറസ്റ്റിലായത്. ആക്രി കച്ചവടത്തിന്‍റെ മറവിൽ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു ഇവരുടെ വെട്ടിപ്പ്. വ്യാജ ബില്ലുകളിൽ 12 കോടി രൂപയാണ് പെരുമ്പാവൂർ സ്വദേശികൾ തട്ടിച്ചെടുത്തത്. പരിശോധനയിൽ വെട്ടിപ്പ് പുറത്ത് വന്നതോടെ പ്രതികൾക്കായി ജി എസ് ടി വകുപ്പ് തെരച്ചിൽ തുടങ്ങി. കഴിഞ്ഞ ജൂൺ മാസത്തിൽ സായുധസേനയുടെ അടക്കം സന്നാഹത്തിൽ പ്രതികളുടെ പെരുമ്പാവൂരിലെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് പ്രതികള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഇടപ്പള്ളി മാളിന് സമീപത്ത് നിന്ന് പ്രതികളെ പിടികൂടിയത്. വ്യാജ ബില്ലിന്‍റെ മറവിൽ ആക്രി കച്ചവടം നടത്തി വലിയ തട്ടിപ്പ് ശൃംഖലയാണ് പ്രതികൾ വളർത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടത്തുമെന്ന് ജി എസ്‍ ടി വകുപ്പ് അറിയിച്ചു. പ്രതികളുടെ സാമ്പത്തിക സ്ത്രോസും ചിലവുകളും സംബന്ധിച്ച് അന്വേഷണം തുടരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

click me!