
കൊല്ലം: കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീൺ, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബ വഴക്കിന് പിന്നാലെ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ
സമാനമായ സംഭവമാണ് തൃശ്ശൂർ കേച്ചേരിയിലുമുണ്ടായത്. ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. പട്ടിക്കര സ്വദേശി സഹദാണ് മരിച്ചത്. മകനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത് എന്ന് അച്ഛൻ സുലൈമാൻ പോലീസിനോട് കുറ്റസമ്മതം നടത്തി. രാവിലെ 10 30 ഓടെയാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ മുറിയിൽ നിൽക്കുകയായിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ ഉമ്മ വീടിന് പുറത്തു നിൽക്കുമ്പോഴാണ് തീകൊളുത്തിയത്. അലർച്ച കേട്ട് ഓടിയെത്തിയ ഉമ്മ ഓടിയെത്തി ഉടൻതന്നെ അയൽവാസികളെ വിളിച്ച് വരുത്തി. ഇവർ പൊലീസിനെ വിവരം അറിയിച്ചു. സഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീ കൊളുത്തിയശേഷം മുങ്ങിയ അച്ഛൻ സുലൈമാനെ, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ മുൻപും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രെമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു. കൊലപാതക ശ്രമത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊള്ളലേറ്റു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കുന്നംകുളം പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേച്ചേരിയിൽ ബാഗ് തയ്ക്കുന്ന ജോലിയാണ് സുലൈമാന്. സഹദിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിൽ സംസ്കരിക്കും.