
മാവേലിക്കര: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ പ്രതികൾ അറസ്റ്റിൽ. കണ്ണമംഗലം കടവൂർ പത്മാലയം വീട്ടിൽ പി രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പിൽ വീട്ടിൽ വി.അരുൺ(24) എന്നിവരെയാണ് മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത് , എസ്.ഐ സി.എച്ച്. അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന പ്രതി കണ്ണമംഗലം കടവൂർ കല്ലിട്ട കടവിൽ വി.വിനീഷ് രാജൻ ആലപ്പുഴ ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ക്ലർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് രണ്ട് പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം ക്ഷേത്ര കലാപീഠം എന്ന സ്ഥാപനത്തിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയിൽ നിന്നും 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർ പാഡിൽ വ്യാജ സീൽ പതിച്ച് നിയമന ഉത്തരവുകൾ അയച്ചു നൽകി. നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തിൽ എത്തിയ എരുവ സ്വദേശിയിൽ നിന്നും രേഖകൾ വാങ്ങി പരിശോധിച്ച ദേവസ്വം അധികൃതർ അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയ് ദേവ് ഐ.പി.എസിന് വിവരം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെട്ടത്. പ്രതികൾ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ , വള്ളികുന്നം, എന്നിവിടങ്ങളിലായി നിരവധി പേരെ ദേവസ്വം ബോർഡിന്റെ വിവിധ സ്ഥാപനങ്ങളിലും ബിവറേജസ് കോർപ്പറേഷനിലും ജോലി നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ നൽകുകയും ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിരുന്നു.
പ്രതികൾ പണം കൈപ്പറ്റി നൽകിയ മുദ്ര പത്രങ്ങളും ചെക്കുകളും വ്യാജ നിയമന ഉത്തരവുകളും കണ്ടെടുത്തിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ മുഖ്യപ്രതി വിനീഷ് രാജന്റെ കടവൂർ കുളത്തിനടുത്തുള്ള താവളത്തിൽ നിന്നും ഇയാൾ കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1 ആണ് എന്ന നിലയിൽ ഉള്ള വ്യാജ തിരിച്ചറിയൽ കാർഡും വിവിധ വ്യാജ രേഖകളും 13 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : മരണക്കിടക്കയിലും അമ്മയോട് അലിവില്ലാതെ ഇന്ദുലേഖ; 7 ലക്ഷം കടം ഭര്‍ത്താവറിയാതെ, ഞെട്ടിക്കുന്ന വിവരങ്ങള്‍
അറസ്റ്റ് ചെയ്ത പ്രതികളെ കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കും. എസ്.ഐ.ആർ. ആനന്ദകുമാർ ,എസ്.സി.പി.ഓമാരായ സിനു വർഗ്ഗീസ്, ആർ.രാജേഷ് കുമാർ, പി.കെ. റിയാസ് , എൻ.എസ്. സുഭാഷ് ,സി.പി.ഒ എസ്. ജവഹർ , മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ , എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read More : നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് കയറി; മത്സ്യവ്യാപാരിയുടെ അപകടമരണത്തിൽ നടുങ്ങി മുഹമ്മ ഗ്രാമം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam