മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ബസില്‍ കടത്തിയ അര ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 12, 2023, 9:25 AM IST
Highlights

പാലക്കാട് ജില്ലയില്‍  വിതരണം ചെയ്യാനുള്ളതായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


സുല്‍ത്താന്‍ബത്തേരി: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്‍പ്പനക്കായി കടത്തുകയായിരുന്ന എം ഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയോടെ മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍ - പത്തനംതിട്ട സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പള്ളിക്കാട്ടുതൊടി വീട്ടില്‍ പി ടി ഹാഷിം (25), അലനെല്ലൂര്‍ പടിപ്പുര വീട്ടില്‍ പി ജുനൈസ് (23) എന്നിവരാണ് പിടിയിലായത്. 

ഇവരില്‍ നിന്നും അതിമാരക മയക്ക്മരുന്ന് വിഭാഗത്തില്‍പ്പെട്ട 27.02 ഗ്രാം എം ഡി എം എയും കണ്ടെത്തി. പാലക്കാട് ജില്ലയില്‍  വിതരണം ചെയ്യാനുള്ളതായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നും വാങ്ങി ബസില്‍ കടത്തുന്ന വഴിയാണ് എക്‌സൈസിന്‍റെ പിടിയിലാകുന്നത്. പൊതു മാര്‍ക്കറ്റില്‍ ഇത്രയും അളിവിലുള്ള എംഡിഎംഎയ്ക്ക് അമ്പതിനായിരം രൂപ വരെ വിലയുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദീന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പ്രവന്‍റീവ് ഓഫീസര്‍മാരായ പി കെ  പ്രഭാകരന്‍, ടി ബി  അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ  ബാലകൃഷ്ണന്‍, കെ കെ  സുധീഷ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ജനുവരി മൂന്നിന് 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്തുമസ് - പുതുവത്സര ആഘോഷത്തിനിടെ കോഴിക്കോട് വിതരണം ചെയ്യാനുള്ള മയക്കുമരുന്നായിരുന്നു കടത്തിയിരുന്നതെന്ന് അന്ന് പിടിയിലായ താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ് (28), കോഴിക്കോട് പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവര്‍ മൊഴി നല്‍കിയിരുന്നു. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ മൈസൂരില്‍ നിന്നും വരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് വെളിവായത്.

കൂടുതല്‍ വായനയ്ക്ക്: വയോധികയെ 'സിപിഎം കൗൺസിലർ ചതിച്ചു'; സ്ഥലവും 17 പവൻ സ്വർണവും പണവും കൈക്കലാക്കി: പൊലീസ് കേസ്
 

 

click me!