കാസര്‍കോട് ആര്‍എസ്എസ് ശക്തി കേന്ദ്രത്തില്‍ മുസ്സിം യുവാക്കള്‍ക്ക് പേര് ചോദിച്ച് മ‍ര്‍ദ്ദനം: ഒരാള്‍ പിടിയിൽ

By Web TeamFirst Published May 28, 2019, 10:18 PM IST
Highlights

കാസ‍ര്‍കോട് നഗരത്തിലെ ആ‍ര്‍എസ്എസ് ശക്തികേന്ദ്രമായ കറന്തക്കാട് വച്ചായിരുന്നു ആക്രമണം

കാസര്‍ഗോഡ്: മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ മുസ്ലിം യുവാക്കൾക്ക് കാസ‍ര്‍കോട് നഗരത്തിൽ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തിൽ ഒരാള്‍ പിടിയിൽ. കൊലക്കേസിൽ ഉൾപ്പടെ പ്രതിയായ കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ് പിടിയിലായത്. 

മംഗലുരു ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്റഫിന്റെ മകന്‍ സി.എച്ച് ഫായിസ്, സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫില്‍ നിന്ന് വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനാണ് ഇരുവരും വിമാനത്താവളത്തിലേക്ക് പോയത്.

കാസര്‍കോട് നഗരത്തിലെ ആ‍ര്‍എസ്എസ് ശക്തികേന്ദ്രമായ കറന്തക്കാട് വച്ചാണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.10 ഓടെയായിരുന്നു ഇത്. ബ്ലൂടൂത്ത് കണക്ട് ചെയ്യാനായി കാര്‍ റോഡരികിൽ നിര്‍ത്തിയിട്ടപ്പോൾ രണ്ട് പേ‍ര്‍ വന്ന് കാറിന്റെ ചില്ലിൽ തട്ടുകയായിരുന്നു. ഗ്ലാസ് തുറന്നപ്പോൾ ഇവര്‍ പേര് ചോദിക്കുകയും, പേര് പറഞ്ഞപ്പോൾ ആക്രമിക്കുകയുമായിരുന്നു. സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട് മ‍ര്‍ദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാക്കള്‍ അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിച്ചു. ഇതോടെ അക്രമികള്‍ രക്ഷപ്പെട്ടതായി ഇവ‍ര്‍ പൊലീസിൽ മൊഴി നൽകി. യുവാക്കള്‍ കാസ‍ര്‍കോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

click me!