
സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. 0.47 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി തുവ്വൂര്‍ വിലങ്ങല്‍പൊയില്‍ ടി എച്ച് ഹാഫിസ് മുഹമ്മദ് (24),0.34 ഗ്രാം മയക്കുമരുന്നു ഗുളികയുമായി മഞ്ചേരി പന്തല്ലൂര്‍ ചാത്തന്‍ചിറ, സി ഇബ്രാഹിം ബാദുഷ (25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം എസ് ഐ കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ഡിസംബർ ആദ്യവാരത്തിൽ കോഴിക്കോട് ചാത്തമംഗലം വെളളിലശ്ശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എം ഡി എം എയുമായാണ് യുവാവ് പിടിയിലായത്. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലെത്തിക്കുന്നത് തടയാനായി എക്സൈസ് നടത്തിയ നീക്കത്തിലാണ് 268 ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, എക്സൈസ് ഐബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ശറഫുദ്ദീന്‍റെ കാറില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച വയനാട് മീനങ്ങാടിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം